വൈറ്റിലയിൽ തിരക്കൊഴിയാൻ വഴിയൊരുങ്ങി; മേല്‍പ്പാലം നിര്‍മാണം 25ന് തുടങ്ങും

കൊച്ചി∙ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡ് ജങ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഈ മാസം 25ന് ആരംഭിക്കും. നിര്‍മാണത്തിന് ടെന്‍ഡര്‍ നേടിയ തിരുവനന്തപുരത്തെ ശ്രീധന്യ കണ്‍സ്ട്രക്‌ഷന്‍സുമായി പൊതുമരാമത്ത് വകുപ്പ് 18ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഒന്നര വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാകും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും.

ദേശീയപാതയില്‍ വൈറ്റില റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തുനിന്നു തുടങ്ങി ജങ്ഷന്‍ കുറുകെ കടന്നു ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം അവസാനിക്കുന്ന തരത്തിലാണു പാലത്തിന്റെ രൂപരേഖ. അപ്രോച്ച് അടക്കം മൊത്തം 700 മീറ്റര്‍ നീളം വരുന്ന മേല്‍പ്പാലത്തിന്റെ മധ്യത്തിലെ സ്പാനിന് 40 മീറ്ററാണ് നീളം. വയഡക്ട് ദൈര്‍ഘ്യം 440 മീറ്റര്‍. രണ്ടു വശത്തുമായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27.2 മീറ്റര്‍. മേല്‍പ്പാലത്തിന് മൂകളിലൂടെ ആറു മീറ്റര്‍ ഉയരത്തില്‍ കൊച്ചി മെട്രോയുടെ പേട്ടയിലേക്കുള്ള ലൈന്‍ കടന്നു പോകും. മേല്‍പ്പാലത്തിനൊപ്പം മെട്രോ പാതയുടെ വൈറ്റില ജങ്ഷനു കുറുകെയുള്ള ഭാഗവും പൂര്‍ത്തീകരിക്കും.

പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്ന ട്രാഫിക് ഡൈവേര്‍ഷന്‍ പ്ലാനിന് രണ്ടു ദിവസത്തിനകം അന്തിമരൂപമാകും. തെക്കു നിന്നുള്ള ഭാരവാഹനങ്ങള്‍ അരൂര്‍, തോപ്പുംപടി വഴിയും വടക്കു നിന്നുള്ളവ കളമശ്ശേരിയില്‍ നിന്നു എയര്‍പോര്‍ട്ട് - സീപോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടാനാണ് ആലോചിക്കുന്നത്. വൈറ്റില ജങ്ഷനില്‍ അപ്രോച്ച് റോഡുകളടക്കം ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ഗതാഗതതടസം പരമാവധി കുറയ്ക്കാനാണ് ആലോചന.

മേല്‍പ്പാലം നിര്‍മാണത്തിനു മുന്നോടിയായി കലക്ടറേറ്റില്‍ പൊതുമരാമത്ത് വകുപ്പ്, കെഎംആര്‍എല്‍, ഡിഎംആര്‍സി, പൊലീസ് അധികൃതരുടെ യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ നേതൃത്വത്തില്‍ രാത്രി വൈറ്റില ജങ്ഷന്‍ സന്ദര്‍ശിച്ച് അധികൃതര്‍ സാഹചര്യം വിലയിരുത്തി.