തോമസ് ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി പിണറായിയും രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം∙ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റക്കേസിൽ ഹൈക്കോടതിയുടെ ‘അടി’ യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണു കിട്ടിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവയ്ക്കണമെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സർക്കാരിനെതിരെ കേസു കൊടുക്കാനുള്ള അവസരമൊരുക്കിയതു പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രരാക്കപ്പെട്ടത്.

പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറയ്ക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.