ശരിയെന്തെന്നു ജനം പറയട്ടെ: മുഖ്യമന്ത്രിക്കു മറുപടിയുമായി സിപിഐ

മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോടു സംസാരിക്കുന്നു.

തിരുവനന്തപുരം∙ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സിപിഐ. അസാധാരണ സാഹചര്യം എന്തെന്നു പൊതുസമൂഹം തീരുമാനിക്കട്ടെയെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മാധ്യമങ്ങളോടു പറഞ്ഞു. സിപിഐ നിലപാടിന്റെ ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെ. ബഹിഷ്കരണത്തിന്റെ കാരണം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സിപിഐയ്ക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: മന്ത്രിസഭായോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്. മന്ത്രിയെങ്കില്‍ ചാണ്ടിക്കു മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാം. മന്ത്രിസഭ ഏതു പ്രശ്നവും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഇടമാണ്. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുനല്‍കണം. സിപിഐയോടുള്ള നിലപാടു മാധ്യമങ്ങളെ അറിയിക്കാനില്ല.

അതേസമയം, കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലന്ന് സിപിെഎ മുഖപത്രം ജനയുഗം കുറ്റപ്പെടുത്തി. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിത്വം തെളിയാക്കാന്‍ ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചെന്നും ജനയുഗത്തിൽ വ്യക്തമാക്കി.