പുത്രഭാര്യയുടെ പ്രസവത്തിന് 1,200 രോഗികളെ ഒഴിപ്പിച്ചു; ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിവാദത്തിൽ

നവജാതശിശുവുമായി രമൺ സിങ് (ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

റായ്പുർ∙ പുത്രഭാര്യയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രശംസ നേടിയ ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് അതേ കാര്യത്തിൽ വിവാദത്തിലകപ്പെട്ടു. എംപിയായ മകൻ അഭിഷേകിന്റെ ഭാര്യ ഐശ്വര്യയുടെ പ്രസവത്തിനായി റായ്പുരിലെ സർക്കാർ ആശുപത്രിയിലെ ഒരു നിലയിലെ രോഗികളെ മുഴുവൻ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. നവജാത ശിശുവിനെയുമായി നിൽക്കുന്ന ചിത്രം രമൺ സിങ് പുറത്തുവിട്ടതിനെത്തുടർന്നു പ്രസവത്തിനായി സർക്കാർ ആശുപത്രി തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നടപടിയിൽ അഭിനന്ദനം ചൊരിഞ്ഞു സന്ദേശങ്ങളെത്തിയത്.

ഭീംറാവു അംബേദ്കർ സ്മാരക ആശുപത്രിയിലെ മൂന്നാം നിലയാണ് ഐശ്വര്യയുടെ പ്രസവത്തിനായി ഒഴിപ്പിച്ചത്. 1,200ൽ അധികം രോഗികളെയാണ് ഈ നിലയിൽനിന്നു മറ്റു നിലകളിലേക്കു മാറ്റിയത്. എന്നാൽ ആവശ്യത്തിനു കിടക്കകൾ ഇല്ലാത്തതിനാൽ പല രോഗികളും കിടക്കകൾ പങ്കിട്ടാണു കഴിഞ്ഞതെന്ന വാർത്ത പിന്നാലെ പുറത്തുവന്നു. സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയാണു മുഖ്യമന്ത്രി വിഐപി ട്രീറ്റ്മെന്റ് തേടിയതെന്നു പ്രതിപക്ഷവും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കായി രണ്ടു മുറികളാണു നൽകിയത്. ബാക്കി മുറികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കായി നൽകിയതാണ് ഒരു നില മുഴുവൻ ഒഴിപ്പിക്കാൻ കാരണമെന്നാണു റിപ്പോർട്ട്. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങൾക്കായി 50 പൊലീസുകാരെയാണ് ആ നിലയിൽ താമസിപ്പിച്ചതത്രേ. എന്നാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കാതെ സർക്കാർ ആശുപത്രിയിൽ പുത്രഭാര്യയെ അഡ്മിറ്റ് ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആദരിക്കണമെന്ന് അഭിപ്രായപ്പെട്ടു ബിജെപിയും രംഗത്തെത്തി.

രോഗികൾക്കായി കിടക്കകൾ കുറവാണെന്ന പരാതി മുൻപേതന്നെ ആശുപത്രിയെക്കുറിച്ചുണ്ട്. ഐശ്വര്യയ്ക്കായി 700 കിടക്കകളാണ് ഒഴിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ രോഗികൾ കൂടുതലായിരുന്നുവെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ആശുപത്രി വളപ്പിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വതവേതന്നെ സ്ഥലം കുറവായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിവേക് ചൗധരി ദേശീയ മാധ്യമങ്ങളോട് അറിയിച്ചു.

ഡോക്ടർമാരില്ലാത്തതിനാൽ കൊടുംശൈത്യത്തിൽ ജമ്മുവിൽ ഒരു യുവതിക്ക് ആശുപത്രി ഗേറ്റിനുമുന്നിൽ പ്രസവിക്കേണ്ടിവന്നെന്ന വാർത്തയ്ക്കു പിന്നാലെയാണ് ഈ വാർത്തയും വരുന്നത്.