സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയിൽ വിശ്വാസമില്ല, സ്ഥാനമൊഴിയണം: ചെന്നിത്തല

തൃശൂർ∙ സിപിഐ മന്ത്രിമാർ ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്നതുമായി ബന്ധപ്പട്ടാണു ചെന്നിത്തലയുടെ അഭിപ്രായപ്രകടനം. ഇവർ ഇനി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണെന്നും അസാധാരണമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അഭിപ്രായം അറിയിക്കാൻ സിപിഐ മന്ത്രിമാർ സമരം ചെയ്യേണ്ട ഗതികേടിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം നടക്കുമ്പോൾ സിപിഐ മന്ത്രിമാർ സമാന്തര യോഗം നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് മുഖം നഷ്ടമായിരിക്കുന്നു. ഇടതു മുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മന്ത്രിമാർക്കു മുഖ്യമന്ത്രിയിൽ വിശ്വാസമില്ല. സർക്കാരിനെതിരെ നാലു മന്ത്രിമാർ സമരം ചെയ്തു. ഭരണ പ്രതിസന്ധിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കലക്ടറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കിക്കിട്ടാൻ തോമസ് ചാണ്ടിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ പറഞ്ഞു. അതിനു പാർട്ടിയുടെ സമ്മതം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.