സെക്സ് സിഡിക്കു പിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി: പട്ടേൽ സമുദായം

ഗാന്ധിനഗർ∙ വിവാദമായ ‘സെക്സ് സിഡി’ക്കു പിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തു വഘാനിയുമാണെന്നു പട്ടേൽ സമുദായം. ബിജെപിയുടെ വോട്ടു ബാങ്കായിരുന്ന പട്ടേൽ സമുദായം സംവരണ വിഷയത്തിൽ പാർട്ടിക്ക് എതിരുനിൽക്കുകയാണ്. മാത്രമല്ല, ബിജെപിയെ താഴെയിറക്കാൻ എല്ലാ വഴികളും പയറ്റുമെന്ന നിലപാടിലുമാണു സംഘടനയായ പട്ടീദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്). ഇതേത്തുടർന്ന് അവരുടെ നേതാവായ ഹാർദിക് പട്ടേലിനെ ബിജെപി ലക്ഷ്യമിടുകയാണെന്നാണ് പിഎഎഎസിന്റെ ആരോപണം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പ്രതികരിച്ചു.

സൂറത്ത് ആസ്ഥാനമായുള്ള ബിജെപി പ്രവർത്തകനായ ഒരു കെട്ടിട നിർമാതാവും മറ്റൊരാളുമാണു മോർഫ് ചെയ്ത സിഡിക്കു പിന്നിലെന്നു വ്യക്തമായതായി പിഎഎഎസ് കൺവീനർ ദിനേശ് ബാംഭാനിയ പറഞ്ഞു. വിജയ് രൂപാണിയുടെ ജിത്തു വഘാനിയും പറഞ്ഞിട്ടാണ് ഇവരിതു ചെയ്തത്. തിരഞ്ഞെടുപ്പിനു മുൻപു ഹാർദിക്കിന്റെ പ്രതിച്ഛായ മോശമാക്കാനാണ് അവരുടെ ശ്രമം. 40 കോടി രൂപയുടെ ഇടപടാണിതെന്നും ബാഭാനിയ ആരോപിച്ചു.

ഇത്തരത്തിൽ മോർഫ് ചെയ്ത 52 വിഡിയോകളാണ് ബിജെപി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറത്താണ് ഇതിന്റെ നിർമാണം. ഇതിൽ 22 വി‍ഡിയോ ഹാർദിക്കിനെതിരായും മറ്റുള്ളവ സംഘടനയുടെ മറ്റു നേതാക്കൾക്കെതിരെയും ഉള്ളതാണ്. ഹാർദിക്കും യുവതിയുമായുള്ള മൂന്നു വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതേസമയം, സിഡി വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണു പിഎഎഎസിന്റെ നീക്കം. ഇതിനായി ബിജെപിയുടെ ‘ഇടപെടൽ’ സംബന്ധിച്ച തെളിവുകൾ ശേഖരിക്കുകയാണെന്നും ബാഭാനിയ കൂട്ടിച്ചേർത്തു.