ഒറ്റയ്ക്കു നിന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നു കാണാം: സിപിഎമ്മിനോട് കാനം

തിരുവനന്തപുരം∙ സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഒറ്റയ്ക്കു നിന്നാൽ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നു കാണാമെന്ന് കാനം പറഞ്ഞു. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പാർട്ടി തീരുമാനപ്രകാരമാണ്. വിട്ടുനിന്നതോ ബഹിഷ്കരിക്കുകയോ ആയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണു വസ്തുത. പാർട്ടി ചുമതലപ്പെടുത്തിയതാണു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ല. രാജിക്കാര്യത്തിൽ ഒറ്റക്കെട്ടായാണു തീരുമാനമെടുത്തത്. എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കെ.ഇ.ഇസ്മയിൽ മറിച്ച് പറഞ്ഞതെന്തു കൊണ്ടാണെന്ന് അറിയില്ല. യോഗത്തിനുശേഷം അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.

സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നാണ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നത്. സിപിഐ അടുത്ത തവണ എതുമുന്നണിയില്‍ എന്നറിയില്ല. സര്‍ക്കാര്‍ മോശമാണെന്ന് വരുത്തുകയാണു സിപിഐ. തോളിൽക്കയറിയിരുന്നു ചെവി കടിക്കരുതെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നു.

തർക്കത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ട: പ്രകാശ് കാരാട്ട്

കേരളത്തിലെ സിപിഎം സിപിഐ തർക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്‍ കാരാട്ട്. ഇരുപാര്‍ട്ടികളും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. സിപിഎമ്മിന്റെ നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയാതാണെന്നും പ്രകാശ്‍ കാരാട്ട് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു