വിവാദ പ്രസ്താവന: ഇസ്മയിലിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം∙ തോമസ് ചാണ്ടി വിഷയത്തിൽ സിപിഎം– സിപിഐ ഭിന്നത തുടരുന്നതിനിടയിൽ, പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇസ്മയിലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണു വിവരം. ഇസ്മയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായതിനാൽ സംസ്ഥാനതലത്തിൽ നടപടി സാധ്യമല്ല. അടുത്ത ദേശീയ എക്സിക്യൂട്ടീവിൽ വിഷയം ഉന്നയിക്കാനാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ നീക്കം.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം 24, 25 തീയതികളിൽ ഡൽഹിയിലാണ് ചേരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരാണ് ദേശീയ എക്സിക്യൂട്ടീവിലുള്ളത്. തോമസ് ചാണ്ടി വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ തർക്കം രൂക്ഷമായിരിക്കേ ഇസ്മയിൽ നടത്തിയ പ്രതികരണങ്ങളാണ് സിപിഐക്കുള്ളിലെ തർക്കങ്ങൾക്കിടയാക്കിയത്.

‘മന്ത്രിസഭ ബഹിഷ്കരിക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം താൻ അറിഞ്ഞെങ്കിലും നേതൃത്വത്തിലുള്ള മറ്റുള്ളവർ അറിഞ്ഞിട്ടില്ലെന്നായിരുന്നു’ ഇസ്മയിലിന്റെ പ്രതികരണം. ‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും രാജിക്കിടയാക്കിയ സീറോ ജെട്ടി റോഡ് നിർമാണത്തിന് എംപി എന്ന നിലയിൽ പണം അനുവദിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്നും’ ഇസ്മയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാർട്ടി പ്രതിരോധത്തിലായതോടെ വിശദീകരണവുമായി ഇസ്മയിൽ രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞുവെന്നപേരിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്നായിരുന്നു പ്രതികരണം. മന്ത്രിസഭാ യോഗ ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇസ്മായിലിന്റെ പ്രതികരണം നാവുപിഴയാണെന്ന വ്യാഖ്യാനവുമായി സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവും രംഗത്തെത്തി.

വിഷയം തണുത്തെങ്കിലും പിന്നീട് പൊതുയോഗത്തിൽ‌ നടത്തിയ പരാമർശങ്ങളാണ് പാർട്ടി നേതൃത്വത്തിന്റെ വിമർശനം ക്ഷണിച്ചുവരുത്തിയത്. തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.

സിപിഐയുടെ മുതിർന്ന നേതാവായ ഇസ്മയിലിന്റെ പരാമർശങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തോടൊപ്പം ഇസ്മയിലിന്റെ ആരോപണങ്ങളും സംസ്ഥാന എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യാനാണ് പാർട്ടി തീരുമാനം. ഇതു ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നേക്കാം.

ഭൂമി കയ്യേറിയെന്ന ആരോപണത്തെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി രാജിവച്ചത്. രാജി വൈകിയതിനെത്തുടർന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചിരുന്നു. അസാധാരണമായ നടപടിയെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. സിപിഎം പൊളിറ്റ്ബ്യൂറോയും സിപിഐ മന്ത്രിമാരുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.