വൈദ്യുതി പദ്ധതികൾ ബ്രഹ്മപുത്രയിലല്ല, ടിബറ്റൻ നദികളിൽ: ചൈന

ബെയ്ജിങ്∙ ബ്രഹ്മപുത്രയിലല്ല, ടിബറ്റിലെ നദികളിലാണ് വൈദ്യുതി പദ്ധതികൾ നിർമിക്കുന്നതെന്നു വ്യക്തമാക്കി ഇന്ത്യക്കു ചൈനയുടെ മറുപടി. ടിബറ്റിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ അണക്കെട്ടു നിർമിക്കുന്നതിനാണു നീക്കമെന്നും ചൈനീസ് മാധ്യമങ്ങൾ പറയുന്നു. ബ്രഹ്മപുത്രയിലെ വെള്ളം വഴിതിരിച്ചുവിടാൻ 1000 കിലോമീറ്റർ നീളമുള്ള ടണൽ ചൈന നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ആശങ്കയ്ക്കിടയാക്കുന്നതായി ഇന്ത്യ അറിയിച്ചിരുന്നു.

ചൈനയിൽ യാർലുങ് ടിസാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയിൽ വിവിധ വൈദ്യുതി പദ്ധതികൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി കുറച്ചുനാളുകളായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു. എന്നാൽ ടിബറ്റിലെ പ്രധാന നദികളായ ജിൻഷ, ലാങ്‌കാങ്, നുജിയാങ് എന്നിവയിലാണ് വൈദ്യുതി പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നും ലേഖനം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രഹ്മപുത്രയിൽനിന്നുള്ള ജലം ഷിൻജിയാങ്ങിലേക്ക് എത്തിക്കുന്നതിനായി ടണൽ നിർമിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. ദോക്‌ലാ സംഘർഷത്തിനു പിന്നാലെ വന്ന റിപ്പോർട്ടിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാർലുങ് ടിസാങ്പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ടിബറ്റിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.

ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോൾ ആകെ ഉൽപാദിപ്പിക്കുന്നത്.