സഹപാഠിയെ പീഡിപ്പിച്ചു; നാലര വയസ്സുകാരനെതിരെ പോക്സോ കേസ്

Representational Image

ന്യൂഡല്‍ഹി∙ സഹപാഠിയെ പീഡിപ്പിച്ച സംഭവത്തിൽ നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിനു കേസെടുത്തു. സ്കൂളിലെ ശുചിമുറിയിലും ക്ലാസിലും വച്ച് സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പെന്‍സില്‍ ഉപയോഗിച്ചു പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചെന്നു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിക്കു ഗുരുതരമായി മുറിവേറ്റെന്നും അതിക്രമം തടയാന്‍ സ്കൂളില്‍ ആരും തയാറായില്ലെന്നും കുട്ടിയുടെ മാതാവു മാധ്യമങ്ങളോടു പറഞ്ഞു.

ചരിത്രത്തിലാദ്യമായാണു നാലര വയസുകാരനെതിരെ പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിനു കേസെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ വച്ചു നാലര വയസുകാരന്‍ സഹപാഠിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡന ശ്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിയമവിദ്ഗധരുമായി ആലോചിച്ചശേഷമാണു കേസെടുത്തതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. എന്നാല്‍ നിയമവിദഗ്ധര്‍ക്കിടയില്‍ കേസെടുത്തതു സംബന്ധിച്ചു തര്‍ക്കം തുടരുകയാണ്. ഏഴുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മേല്‍ പോക്സോപോലുള്ള കര്‍ശന നിയമം നിലനില്‍ക്കില്ലന്ന് ഒരുവിഭാഗം വ്യക്തമാക്കുന്നു. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയരാക്കുകയാണെന്നാണു വേണ്ടതെന്നു മറുഭാഗം വാദിക്കുന്നു.

ആണ്‍കുട്ടിക്കെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അതിനിടെ, സ്കൂളിനെതിരെ ആരോപണവുമായി പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഭവം നടന്നശേഷം സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ പിന്തുണ ഉണ്ടായില്ലെന്നു പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. നാലരവയസുകാരനെ സംരക്ഷിക്കുന്ന നിലപാടാണു സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോടും സ്കൂള്‍ അധികൃതരോടും റിപ്പോര്‍ട്ട് തേടി.