Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽഭൂഷനെ കാണാൻ ഭാര്യ: പാക്കിസ്ഥാനോട് മൂന്ന് നിബന്ധനകളുമായി ഇന്ത്യ

Kulbhushan Yadav

ന്യൂഡൽഹി∙ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനൊപ്പം മൂന്നു നിബന്ധനകളും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെത്തുന്ന ഇരുവരെയും ചോദ്യംചെയ്യാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന ഉറപ്പു ലഭിക്കണമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇരുവരുടെയും സുരക്ഷിതത്വവും ഉറപ്പാക്കണം.

കൂടാതെ, പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനു മുഴുവന്‍ സമയവും ഇവരോടൊപ്പമുണ്ടാകാന്‍ അനുവാദം നല്‍കണം. മകനെ കാണാന്‍ അനുവദിക്കണമെന്ന ജാദവിന്‍റെ അമ്മയുടെ അഭ്യര്‍ഥനയില്‍ പാക്കിസ്ഥാന്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ജാദവിന്‍റെ ഭാര്യയ്ക്കു അനുമതി നല്‍കിയിട്ടുണ്ട്.

ഏപ്രിലിലാണ് ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇറാനിൽ വ്യാപാരം നടത്തുന്നതിനിടെ കുൽഭൂഷനെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാന്റെ ആരോപങ്ങളെ ഇന്ത്യ പൂർണമായി തള്ളുകയും ചെയ്തു. മേയിൽ ഇന്ത്യയുടെ അപ്പീലിൽ ഹേഗിലെ രാജ്യാന്തര കോടതി (ഐസിജെ) വധശിക്ഷ തൽക്കാലത്തേക്കു നിർത്തിവച്ച് ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല, ജാദവിനു കോൺസുലാർ സഹായം നൽകാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ഐസിജെ അംഗീകരിച്ചിരുന്നു. അന്തിമ വിധിക്കായി ജനുവരിയിൽ കോടതി വാദം കേട്ടുതുടങ്ങുമെന്നാണു പ്രതീക്ഷ.

എന്നാൽ ഇടക്കാല വിധി വന്നതിനുശേഷം കോൺസുലാർ സഹായം അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ‘ചാരൻമാർക്ക്’ ഇത്തരം സഹായങ്ങൾക്കു യോഗ്യതയില്ലെന്നാണു പാക്കിസ്ഥാന്റെ നിലപാട്. ജാദവിന്റെ അമ്മയ്ക്കു മകനെ കാണാൻ മാനുഷികപരമായി അനുവാദം നൽകണമെന്ന ഇന്ത്യയുടെ ആവശ്യവും ഇസ്‍‌ലാമാബാദ് മാസങ്ങളായി അവഗണിക്കുകയാണ്.