കള്ളപ്പണ നിരോധന നിയമം: ജാമ്യ വ്യവസ്ഥകൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി∙കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസർക്കാരിനു തിരിച്ചടി. നിയമത്തിലെ കർശന ജാമ്യ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥകൾ കള്ളപ്പണ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന കേന്ദ്രത്തിന്റെ വാദം കോടതി തള്ളി. ജസ്റ്റിസ് റോഹിൻടൺ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കള്ളപ്പണ നിരോധന നിയമ പ്രകാരം കുറ്റക്കാരനു ജാമ്യം നിഷേധിക്കാൻ രണ്ടു മാര്‍ഗങ്ങളാണ് ഉള്ളത്. 1) പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേൾക്കാതെ ജാമ്യം നൽകരുത്. 2) കേസിലെ കുറ്റാരോപിതൻ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ.

എന്നാൽ ഇത്തരം ജാമ്യ വ്യവസ്ഥകൾ പൗരാവകാശ ലംഘനമാണെന്ന് കോടതി വിലയിരുത്തി. കുറ്റാരോപിതരായ എല്ലാവരും ജയിലിൽ പോകുന്നതിനും ഇതു കാരണമാകും. സെക്ഷൻ 45 പ്രകാരം കുറ്റാരോപിതനായ ഒരാൾക്ക് ജാമ്യത്തിനുള്ള അവകാശം ഉണ്ടെന്നും സുപ്രീംകോടതി കേന്ദ്രത്തെ ഓർമ്മിപ്പിച്ചു.