‘അല്ലാഹുവിനുശേഷം, നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ’: സുഷമയോട് പാക്ക് ബാലൻ

സുഷമ സ്വരാജ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ അടിയന്തര ചികിൽസയ്ക്കായി പാക്കിസ്ഥാൻ പൗരന്‍മാർക്കു മെഡിക്കൽ വീസ അനുവദിക്കുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടു ബന്ധുവിന്റെ വീസ ആവശ്യവുമായി പാക്കിസ്ഥാൻ ബാലൻ. വീസ അനുവദിക്കുന്നതിന് ഇസ്‌ലാമാബാദ് എംബസിയോട് നിർദേശിക്കണമെന്നു കാട്ടി ഷാസൈബ് ഇഖ്ബാൽ ട്വിറ്ററിലൂടെ മന്ത്രിയോട് അഭ്യർഥിച്ചിരുന്നു. ബന്ധുവിനുവേണ്ടിയാണ് ഇഖ്ബാൽ ചോദിച്ചത്. വീസ അടിയന്തരമായി അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ട്വീറ്റിനു മറുപടി പറയുകയും ചെയ്തു. അല്ലാഹുവിനുശേഷം നിങ്ങളാണു ഞങ്ങളുടെ അവസാന പ്രതീക്ഷയെന്നാണു ഇഖ്ബാൽ ട്വീറ്റിൽ കുറിച്ചത്. ഇന്നലെ നാലു പാക്കിസ്ഥാൻകാർക്ക് അടിയന്തര മെഡിക്കൽ വീസ മന്ത്രി അനുവദിച്ചിരുന്നു.

മാനുഷിക വിഷയങ്ങളെ ഇന്ത്യ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന പാക്കിസ്ഥാന്റെ പരാമർശം വന്നു മൂന്നു ദിവസങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ നടപടി വരുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിൽസകൾക്കായി അപേക്ഷിച്ച സാജിദ ബക്ഷ്, നോയിഡയിലെ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കിഷ്വർ സുൽത്താന തുടങ്ങിവരുടെ വീസ അപേക്ഷയും അംഗീകരിച്ചു.

സദുദ്ദേശ്യത്തോടെയെത്തുന്ന പാക്ക് പൗരന്മാരായ രോഗികൾക്ക് ഇന്ത്യ മെഡിക്കൽ വീസകൾ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കം നിലനിൽക്കെ, പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ ശുപാർശ കത്തുമായി വരുന്നവർക്കു മാത്രമേ ഇന്ത്യ മെഡിക്കൽ വീസ അനുവദിക്കൂയെന്നു മേയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനാണു സ്വാതന്ത്ര്യദിനത്തിൽ മന്ത്രാലയം തന്നെ വ്യക്തത വരുത്തിയത്.

ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാൻ രംഗത്തുവന്നിരുന്നു. അത്തരം കത്ത് ചോദിക്കുന്നതു നയതന്ത്ര നയങ്ങളുടെ ലംഘനമാണെന്നും മറ്റൊരു രാജ്യവും അങ്ങനെ ചോദിക്കാറില്ലെന്നും ഇസ്‌ലാമാബാദ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ള ഒരു രോഗിക്കു ട്യൂമറിന്റെ ചികിൽസയ്ക്കായി ന്യൂഡൽഹിയിൽ എത്തുന്നതിന് ജൂലൈ 18ന് ഇന്ത്യ വീസ നൽകിയിരുന്നു. ‘ഇന്ത്യയുടെ അവിഭാജ്യഘടകമായ’ മേഖലയിൽനിന്നു വരുന്നൊരാൾക്കു പാക്കിസ്ഥാന്‍ സർക്കാരിന്റെ ശുപാർശ വേണ്ടെന്നാണ് അന്നു സുഷമ സ്വരാജ് എടുത്ത നിലപാട്.

എന്നാൽ ഓഗസ്റ്റ് 15നുശേഷം, മെഡിക്കൽ വീസ ആവശ്യപ്പെടുന്ന പാക്കിസ്ഥാന്‍ പൗരന്മാർക്ക് ഇന്ത്യ നൽകാതിരുന്നിട്ടില്ല.