ബ്ലാസ്റ്റേഴ്സിനെ വലച്ച കൊൽക്കത്തയെ നിലം തൊടീക്കാതെ പുണെ (4-1)

പുണെയ്ക്കായി ഇരട്ടഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മാഴ്സലീ‍ഞ്ഞോ.

കൊൽക്കത്ത ∙ ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ച അമർ തൊമാർ കൊൽക്കത്തയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് പുണെ സിറ്റി എഫ്സിയുടെ ‘ഞെട്ടിക്കുന്ന’ പ്രകടനം. നലവിലെ ചാംപ്യൻമാരായ കൊൽക്കത്തയുടെ ഹോം മൈതാനത്തു നടന്ന മൽസരത്തിലാണ് ഗോൾമഴ സൃഷ്ടിച്ച് പുണെ ‍ഞെട്ടിച്ചത്. രണ്ടു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ തകർപ്പൻ പ്രകടനമാണ് പുണെയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

13, 60 മിനിറ്റുകളിലായിരുന്നു മാഴ്സലീഞ്ഞോയുടെ ഇരട്ടഗോളുകൾ. രോഹിത് കുമാർ (51), എമിലിയാനോ അൽഫാരോ (88) എന്നിവർ പുണെയുടെ ഗോള്‍ പട്ടിക പൂർത്തിയാക്കി. കൊൽക്കത്തയുടെ ആശ്വാസ ഗോൾ ബിപിൻ സിങ് (50) നേടി. ഐഎസ്എല്ലിൽ കൊൽക്കത്തയുടെ ഏറ്റവും വലിയ തോൽവിയാണത്. ഐഎസ്എല്ലിൽ പുണെയ്ക്കെതിരെ ഏഴു മൽസരങ്ങൾ കളിച്ചതിൽ കൊൽക്കത്തയുടെ നാലാം തോൽവി കൂടിയാണിത്.

സീസണിലെ ആദ്യ മൽസരത്തിൽ ഡൽഹി ഡൈനാമോസിനോട് വാശിയേറിയ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പുണെ സിറ്റി എഫ്സി, അതിന്റെ വിഷമമൊക്കെയും മറക്കുന്ന പ്രകടനമാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്തത്. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം, ആദ്യ മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയ കൊൽക്കത്ത ഒരു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക