അഗ്നിപർവത സ്ഫോടനം: ബാലി വിമാനത്താവളം അടച്ചു, സഞ്ചാരികൾ കുടുങ്ങി

ജക്കാർത്ത∙ വിനോദ സഞ്ചാരത്തിനായി ബാലിയിലേക്കു പോയ ആയിരക്കണക്കിനു പേർ കുടുങ്ങി. അഗ്നിപർവതത്തിൽനിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം എത്തിയതോടെ വിമാനത്താവളം അടച്ചു. ഇതാണ് യാത്രക്കാർ കുടുങ്ങാൻ കാരണം. ബാലിയിലെ മൗണ്ട് അഗുങ് അഗ്നിപർവതമാണ് ഭീഷണിയായി ഉയർന്നിരിക്കുന്നത്

ജാഗ്രതാ നിർദേശത്തെ തുടർന്ന് നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഏഴു വിമാനങ്ങൾ ജക്കാർത്ത, സുരബായ, സിംഗപ്പൂർ വഴി തിരിച്ചിവിട്ടതായി അധികൃതർ അറിയിച്ചു. അഗ്നിപർവതത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറത്തേക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും.

അഗ്നിപർവതത്തിൽനിന്നുള്ള ചാരം വിമാനത്താവളത്തിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണു വിമാനത്താവളം അടച്ചതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

ഇന്തൊനീഷ്യയിലെ ബാലിയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് മൗണ്ട് അഗുങ്. ഇത് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലാണിതെന്നാണു വിലയിരുത്തൽ. ഈമാസം 26ന് അഗ്നിപർവം ചെറുതായി പൊട്ടിത്തെറിച്ചിരുന്നു.