Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശു പരിപാലന കേന്ദ്രങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കും: മന്ത്രി കെ.കെ. ശൈലജ

KK Shailaja

തിരുവനന്തപുരം∙ കേരളത്തിലെ ശിശു പരിപാലന കേന്ദ്രങ്ങള്‍ എല്ലാവിധ അത്യാധുനിക സംവിധാനത്തോടെ ശാസ്ത്രീയമായി പരിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ‍. സിസിടിവി ക്യാമറയും മറ്റു സൗകര്യങ്ങളുമൊരുക്കി സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കര്‍ശനമായി നിരീക്ഷിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയും ചെയ്യും. മുന്‍ രാജ്യസഭ എംപി ടി.എന്‍. സീമയുടെ 2015-2016ലെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ശിശുപരിപാലന കേന്ദ്രം, ഓട്ടോക്ലേവ് മെഷീന്‍, മൂന്നു വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും സമര്‍പ്പണവും എസ്എടി ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ.

കുഞ്ഞുങ്ങളുടെ പരിപാലനം ഏറ്റവും പ്രധാനമാണ്. ചെറിയ പ്രായത്തില്‍ അവരുടെ വളര്‍ച്ച മുരടിക്കാന്‍ പാടില്ല. കേരളത്തിലെ ശിശു പരിപാലന കേന്ദ്രങ്ങളില്‍ പലതിനും നിലവാരമില്ല. ഇവയുടെ നിലവാരമുയര്‍ത്തുന്നതിനും ശിശു പരിപാലനത്തിനുമായി പ്രത്യേക കരിക്കുലം രൂപീകരിക്കും. ഈ ശിശുപരിപാലന കേന്ദ്രങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും അത്യാവശ്യം വേണ്ട സൗകര്യങ്ങളും ജീവനക്കാരുടെ നല്ല പെരുമാറ്റവും ഉറപ്പുവരുത്തും. അംഗന്‍വാടികളില്‍ മികച്ച സൗകര്യമൊരുക്കും. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പുതിയ 250 ശിശുപരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എസ്എടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചെയ്യുന്നതു മഹത്തായ പ്രവര്‍ത്തനമാണെന്നു മന്ത്രി വ്യക്തമാക്കി. വളരെയധികം ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെനിന്നു സുഖപ്പെടുത്തി വിടുന്നത്. എസ്എടിയിലെ ശിശുപരിപാലന കേന്ദ്രം നന്നായി നോക്കി നടത്തണമെന്നും ആവശ്യമെങ്കില്‍ സാമൂഹ്യ നീതിവകുപ്പിന്റെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിരവധി കാര്യങ്ങളാണ് എസ്എടി ആശുപത്രിക്കായി ചെയ്തിട്ടുള്ളത്. റീ പ്രൊഡക്ടീവ് മെഡിസിനില്‍ പിജി കോഴ്‌സുകള്‍ തുടങ്ങാനാവശ്യമായ മൂന്നു തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജി വിപുലീകരിക്കാന്‍ വേണ്ടി 13 പുതിയ തസ്തികള്‍ സൃഷ്ടിച്ചു. നിയോനെറ്റോളജി വിഭാഗത്തിനായും പുതിയ തത്സികകള്‍ അനുവദിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 1729 പുതിയ തസ്തികകളും ആരോഗ്യ വകുപ്പില്‍ മൊത്തം 4300 തസ്തികകളും സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

എസ്എടി ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമുള്ള ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്കു മികച്ച ശിശുപരിപാലന കേന്ദ്രമായിരിക്കും ഇതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ എംപിയും ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പഴ്‌സണുമായ ടി.എന്‍. സീമ പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിലൂടെ ഇതിനെ മാതൃകാ ശിശുപരിപാലന കേന്ദ്രമാക്കി മാറ്റണമെന്നും ടി.എന്‍. സീമ വ്യക്തമാക്കി.

കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, പീഡിയാട്രിക് ആര്‍എംഒ ഡോ. ഹരിപ്രസാദ്, ഐഒസി സീനിയര്‍ മാനേജര്‍ പ്രേംജിത്ത്, ജില്ലാ പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, എച്ച്ഡിഎസ് അംഗം ഡി.ആര്‍. അനില്‍, ഡോ. വി.ആര്‍. നന്ദിനി, നഴ്‌സിങ് ഓഫിസര്‍ മേരി വി.ടി. എന്നിവര്‍ സംസാരിച്ചു.

ഡോ. ടി.എന്‍. സീമയുടെ എം.പി. ഫണ്ടില്‍നിന്നു 10 ലക്ഷം രൂപ വിനിയോഗിച്ച് ഓട്ടോ ക്ലേവ് മെഷീനും 30 ലക്ഷം രൂപ വിനിയോഗിച്ചു മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മൂന്നു വെന്റിലേറ്ററുകളും വാങ്ങിയിട്ടുണ്ട്.

എസ്എടി ആശുപത്രി ജീവനക്കാരുടെ ചിരകാലാഭിലാഷമാണ് ഇപ്പോള്‍ സഫലമായത്. വീടുപോലെതന്നെയുള്ള പരിചരണമാണ് ഇവിടെയുമൊരുക്കിയിട്ടുള്ളത്. ഈ ശിശുപരിപാലന കേന്ദ്രത്തിലെ കുഞ്ഞുങ്ങളുടെ പരിചരണം സിസിടിവി ക്യാമറയില്‍ കൂടി എവിടെനിന്നു വേണമെങ്കിലും മൊബൈലിലൂടെ രക്ഷിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

ഓപ്പറേഷന്‍ തിയറ്ററുകള്‍, ഐസിയു വാര്‍ഡുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലേക്കും വേണ്ട സാധനങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഉപകരണമാണ് ഓട്ടോക്ലേവ് മെഷീന്‍. നിലവില്‍ എസ്എടി ആശുപത്രിയില്‍ രണ്ട് ഓട്ടോക്ലേവ് മെഷീനുകളാണുള്ളത്.  

related stories