ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളിൽ ആധുനിക ക്യാമറയുമായി എക്സൈസ്

തിരുവനന്തപുരം∙ ലഹരിക്കടത്ത് തടയാൻ‌ എക്സൈസ് ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകൾ വരുന്നു. ‍14 ചെക്പോസ്റ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷംരൂപയാണ് അനുവദിച്ചിരിക്കുന്നത്. കെല്‍ട്രോണിനാണു ചുമതല.

തിരുവനന്തപുരത്ത് അമരവിള ഉള്‍പ്പെടെ നാലിടത്ത്, പാലക്കാട് വാളയാര്‍ ഉള്‍പ്പെടെ അഞ്ചിടത്ത്, കൊല്ലത്ത് ആര്യങ്കാവ്, ഇടുക്കിയില്‍ കുമളി, വയനാട്ടില്‍ മുത്തങ്ങ, കണ്ണൂരില്‍ കൂട്ടുപുഴ, കാസർകോട് മഞ്ചേശ്വരം എന്നീ ചെക്പോസ്റ്റുകളിലുമാണു ക്യാമറ വയ്ക്കുന്നത്. തിരുവനന്തപുരത്ത് അമരവിളയിലും കൊല്ലത്ത് ആര്യങ്കാവിലും ജോലി പൂര്‍ത്തിയായി. ഇടുക്കിയില്‍ പണി പുരോഗമിക്കുന്നു. അമരവിള ഭാഗത്ത് ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന മോഷണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് എക്സൈസ് ചെക്പോസ്റ്റിലെ ക്യാമറയില്‍നിന്നാണ്. 

ഒരു ചെക്പോസ്റ്റില്‍ മൂന്നുവീതം ക്യാമറകളാണു സ്ഥാപിക്കുന്നത്. രണ്ട് ബുള്ളറ്റ് ക്യാമറകളും ഒരു കറങ്ങുന്ന ക്യാമറയും. അസിസ്റ്റന്റ്, ഡെപ്യൂട്ടി, ജോയിന്റ് കമ്മിഷണര്‍മാരുടെ ഓഫിസുകളുമായി ഇവയെ ബന്ധിപ്പിക്കും. ചെക്പോസ്റ്റുകളെ കൂടാതെ ഈ ഓഫിസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഏഴുദിവസത്തിനുള്ളില്‍ എല്ലാ ചെക്പോസ്റ്റുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

അതേസമയം, പ്രായോഗികമല്ലെന്നു കണ്ടതോടെ എക്സൈസ് ചെക്പോസ്റ്റുകളില്‍ സ്കാനര്‍ മെഷീന്‍ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ സീപോര്‍ട്ട് ഭാഗത്താണു സ്കാനിങ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നത്. വലിയ കണ്ടെയ്നറുകള്‍ പരിശോധിക്കുന്നതിനു മാത്രമേ ഇതുപകരിക്കൂ എന്നു കണ്ടതിനെത്തുടര്‍ന്നാണു പദ്ധതി ഉപേക്ഷിച്ചത്.

ഇങ്ങനെ ഓരോ വാഹനവും സ്കാന്‍ ചെയ്യുന്നതിന് ഏറെ സമയമെടുക്കുമെന്നും എക്സൈസ് വിലയിരുത്തി. പത്തുകോടിരൂപയാണ് ഒരു മെഷീന്റെ വില. ചെക്പോസ്റ്റ് പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ എക്സൈസ് ഓഫിസര്‍മാര്‍ക്ക് ബൈക്ക് വിതരണം ചെയ്യുന്ന പദ്ധതി അടുത്തയാഴ്ച തുടങ്ങും.