ഗോളിക്കു ചുവപ്പുകാർഡ്, ഗോൾമഴ; ഒടുവിൽ ബെംഗളൂരു ഗോവയോടു തോറ്റു (4–3)

ഗോവയ്ക്കായി ഹാട്രിക്ക് നേടിയ സ്പാനിഷ് താരം കോറോ.

ഫത്തോർഡ ∙ അവസാന മിനിറ്റു വരെ ആവേശം തുളുമ്പിനിന്ന സൂപ്പർ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ വിജയം. ഗോൾമഴ കണ്ട മൽസരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോവയുടെ വിജയം. സീസണിലെ ആദ്യ ഹാട്രിക്ക് നേടിയ സ്പാനിഷ് താരം കോറോയുടെ (ഫെറാൻ കോറോമിനാസ്) പ്രകടനമാണ് ഗോവയെ വിജയവഴിയിൽ തിരികെയെത്തിച്ചത്. സീസണിൽ ബെംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്.

36–ാം മിനിറ്റിൽ ഗോവ താരം ലാൻസറോട്ടയെ തള്ളിയിട്ട ഗോള്‍കീപ്പർ ഗുർപ്രീത് സിങ് ചുവപ്പുകാർഡ് പുറത്തുപോയതിനാൽ 10 പേരുമായാണ് ബെംഗളൂരു കൂടുതൽ സമയവും കളിച്ചത്. ഗുർപ്രീതിനു പകരമെത്തിയ ഗോൾകീപ്പർ അബ്ര മൊണ്ഡലും മറ്റൊരു ഫൗളിനു മ‍ഞ്ഞക്കാർഡ് കണ്ടു. വിജയത്തോടെ മൂന്നു കളികളിൽനിന്ന് ആറു പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കു കയറി. തോൽവി വഴങ്ങിയെങ്കിലും മൂന്നു കളികളിൽനിന്ന് ആറു പോയിന്റുള്ള ബെംഗളൂരു ഗോൾ വ്യത്യാസത്തിന്റെ മികവിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.

16, 33, 63 മിനിറ്റുകളിലായിരുന്നു കോറോയുടെ ഹാട്രിക് ഗോളുകൾ. മറ്റൊരു സ്പാനിഷ് താരം ലാൻസറോട്ടയുടെ (40, പെനൽറ്റി) വകയാണ് അവരുടെ നാലാം ഗോൾ. വെനസ്വേല താരം മിക്കുവിന്റെ ഇരട്ടഗോളുകളുടെ ബലത്തിലായിരുന്നു ബെംഗളൂരുവിന്റെ തിരിച്ചടി. 20, 60 മിനിറ്റുകളിലായിരുന്നു മിക്കുവിന്റെ ഗോളുകൾ. കഴിഞ്ഞ മൽസരത്തിൽ ഇരട്ടഗോൾ നേടിയ ഓസ്ട്രേലിയൻ താരം എറിക് പാർത്താലുവിന്റെ (57) വകയാണ് അവരുടെ മൂന്നാം ഗോൾ. 

ആദ്യ മത്സരത്തില്‍ 2-0നു മുംബൈ സിറ്റി എഫ്‌സിയേയും രണ്ടാം മത്സരത്തില്‍ 4-1നു ഡല്‍ഹി ഡൈനാമോസിനെയും തകർത്ത ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോൽവിയാണിത്. ഐഎസ്എല്ലിൽ നവാഗതരായ അവരുടെ ആദ്യ ഐഎസ്എൽ തോൽവികൂടിയാണിത്. അതേസമയം, സീസണ് ചെന്നൈയിനെതിരായ വിജയത്തോടെ തുടക്കമിട്ട ഗോവ രണ്ടാം മൽസരത്തിൽ മുംബൈ സിറ്റി എഫ്സിയോടു തോൽവി വഴങ്ങിയിരുന്നു.