പാക്ക് സർവകലാശാലയ്ക്കു നേരെ ഭീകരാക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ 12 മരണം

പെഷാവറിലെ കാർഷിക സർവകലാശാല ആക്രമിച്ച ഭീകരന്റെ ശരീരത്തുനിന്ന് ആയുധങ്ങൾ നീക്കം ചെയ്യുന്ന പാക്ക് സുരക്ഷാ സേന

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ പെഷാവറിൽ കാർഷിക സർവകലാശാലക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതിലധികം പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ പകുതിയും വിദ്യാർഥികളാണ്. ഓട്ടോറിക്ഷയിലെത്തിയ മൂന്നു ഭീകരർ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണു ക്യാംപസിനുള്ളിലേക്കു കയറിയത്. അക്രമികളെ സുരക്ഷാ സേന വധിച്ചു. ഡയറക്ടറേറ്റ് ഓഫ് അഗ്രിക്കൾച്ചർ എക്സ്റ്റെൻഷന്റെ വിദ്യാർഥി ഹോസ്റ്റലിലേക്കാണ് ഭീകരർ ആദ്യമെത്തിയത്. ബുർഖ ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഓഫിസ് ആയി പ്രവർത്തിക്കുന്ന കെട്ടിടമാണ് ആക്രമിച്ചതെന്ന് പാക്ക് താലിബാൻ വക്താവ് മുഹമ്മദ് ഖുറാസനി വാർത്താ ഏജൻസിയായ എഎഫ്പിയോട് ടെലിഫോണിൽ പറഞ്ഞു.

ആക്രമണം നടന്ന പെഷാവറിലെ കാർഷിക സർവകലാശാലയിലെത്തിയ പാക്ക് സൈന്യം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ തക്കസമയത്തുള്ള ഇടപെടലാണ് മരണസംഖ്യ കുറയാൻ കാരണമെന്ന് ഖൈബർ – പഖ്തുൻഖ്വ ഐജി സലാഹുദ്ദീൻ മെഹ്സൂദ് അറിയിച്ചു. പെഷാവർ സർവകലാശാല ഉള്‍പ്പെടെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബാണ് ആക്രമണം നടന്ന മേഖല. നബിദിനത്തോട് അനുബന്ധിച്ചു രാജ്യത്ത് സുരക്ഷ ശക്തമാക്കിയതിനിടയ്ക്കാണ് പെഷാവറിലെ ആക്രമണം.

2014 ഡിസംബറിൽ പെഷാവറിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയ പാക്ക് താലിബാൻ 134 കുട്ടികളെ വധിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഇസ്‌ലാമിക നിയമം രാജ്യത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ് പാക്ക് താലിബാൻ.