ഓഖി മുന്നറിയിപ്പ്: ഒരു മണിക്കൂറിനകം മാറ്റിപ്പറഞ്ഞ് കേന്ദ്രമന്ത്രി കണ്ണന്താനം

കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പൂന്തുറയിലെ മൽസ്യത്തൊഴിലാളികളെ സന്ദർശിക്കുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച വിവാദങ്ങൾ ഒടുങ്ങുന്നില്ല. ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബർ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഒറ്റ മണിക്കൂറിനുള്ളില്‍ സ്വന്തം വാചകം വിഴുങ്ങി. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നു വിഴി‍ഞ്ഞത്തെത്തിയ കണ്ണന്താനം പറഞ്ഞു.

നേരത്തേ, മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണു മുന്നറിയിപ്പ് നേരത്തേ നല്‍കാന്‍ സാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുടെ മലക്കംമറിയൽ കണ്ട ജനം, എന്ത് വിശ്വസിക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിലായി. ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്ന് 29ന് അറിയിച്ചിരുന്നു. മല്‍സ്യതൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കണമെന്നു കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റിന്‍റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും കണ്ണന്താനം വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ലെന്ന വിവരം കണ്ണന്താനം വെളിപ്പെടുത്തിയത്. മുന്നറിയിപ്പ് കിട്ടിയത് നവംബർ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായാണു കേരളത്തിൽ ചുഴലിക്കാറ്റു വീശുന്നത്. കാറ്റിന്റെ ഗതി അതിവേഗം മാറിക്കൊണ്ടിരുന്നു. അതിനാൽ എവിടെയൊക്കെ കാറ്റുവീശുമെന്നു നിർണയിക്കാനായില്ല. കേരളത്തിന് ആവശ്യമുള്ള പണം കേന്ദ്രം നൽകിയിട്ടുണ്ട്. വേണ്ടിവന്നാൽ കൂടുതൽ തുക അനുവദിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. അങ്ങനെയൊരു നടപടിക്രമം നിലവിലില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പൂന്തുറയിലെ മൽസ്യത്തൊഴിലാളികളെ സന്ദർശിക്കുന്നു. ചിത്രം: മനോരമ

ഇതിനുമുന്‍പുള്ള ദിവസങ്ങളിൽ നിരവധി കപ്പലുകള്‍ മത്സ്യബന്ധനത്തിനു കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവര്‍ക്ക് കൃത്യമായൊരു മുന്നറിയിപ്പ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നല്‍കിയ മുന്നറിയിപ്പുകളുടെ വിവരങ്ങള്‍ താൻ പരിശോധിച്ചു. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു മുന്നറിയിപ്പുകള്‍. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചില്ലെന്നും കണ്ണന്താനം പറഞ്ഞു.

എല്ലാവരുടെയും സഹകരണത്തോടെ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ദിവസം മാത്രം 395 പേരെ രക്ഷിക്കാനായി. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയുംപേരെ രക്ഷിക്കാനായത്. രക്ഷാപ്രവര്‍ത്തനത്തില്‍ മൽസ്യത്തൊഴിലാളികളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.