ഓഖിയിൽനിന്ന് ‘പാഠം പഠിച്ച്’ സർക്കാർ; ദുരന്തനിവാരണ അതോറിറ്റി അഴിച്ചുപണിയുന്നു

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചാത്തലത്തില്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന അടിമുടി പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി, സമഗ്രമായ അഴിച്ചുപണിയാണു ലക്ഷ്യമിടുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

‘ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതിനുശേഷമേ നടപടികള്‍ ആരംഭിക്കൂ’ - ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ദേശീയ കാലാവസ്ഥാ വകുപ്പില്‍നിന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും അവ ജനങ്ങളിലേക്ക് എത്തിക്കാനും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താനും ദുരന്തനിവാരണ അതോറിറ്റിക്കു സാധിക്കുന്നില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. റവന്യുമന്ത്രിയാണ് വൈസ് ചെയര്‍മാന്‍. ശാസ്ത്രജ്ഞനായ ഒരംഗം ഒഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് മറ്റു വകുപ്പുകളുടെയും ചുമതലയുണ്ട്. ഈ ഘടനയില്‍ മാറ്റം വരും. ദുരന്ത നിവാരണത്തില്‍ വിദഗ്ധരായവരെ ഉള്‍പ്പെടുത്തി സമഗ്രമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. തീരദേശ മേഖലകളിലെ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി, ദുരന്തമുണ്ടായാല്‍ നേരിടേണ്ട രീതികളിൽ പരിശീലനം നല്‍കും. ജാഗ്രതാ സന്ദേശങ്ങള്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും ധാരണയായിട്ടുണ്ട്.

ഉദ്യോഗസ്ഥരെ ദുരന്തനിവാരണ അതോറിറ്റിയില്‍ നിശ്ചിത കാലയളവില്‍ ഡപ്യൂട്ടേഷനില്‍ വയ്ക്കുന്ന രീതി അവസാനിപ്പിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ സ്ഥിരമായി നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.