ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ് – ദക്ഷിണ കൊറിയ വ്യോമാഭ്യാസം

സോൾ∙ ഉത്തര കൊറിയയുടെ പ്രകോപനങ്ങൾക്കിടെ വിപുലമായ വ്യോമാഭ്യാസവുമായി യുഎസും ദക്ഷിണ െകാറിയയും. ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ സംയുക്ത സൈനിക പ്രകടനത്തിന് തിങ്കളാഴ്ച തുടക്കമായി. ഉത്തര കൊറിയയുടെ മിസൈൽ, ആണവ പരീക്ഷണങ്ങൾക്കിടെയാണു സൈനികാഭ്യാസം. അഞ്ചു ദിവസത്തെ പ്രകടനത്തിൽ എഫ്–22 റാപ്റ്റർ പോർവിമാനം ഉൾപ്പെടെ 230 വിമാനങ്ങൾ പങ്കെടുക്കും. പതിനായിരക്കണക്കിന് സൈനികരും പങ്കാളികളാകുമെന്ന് ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.

രണ്ടുമാസത്തെ നിശ്ശബ്ദതയ്ക്കുശേഷം ശക്തിയേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘ഹ്വാസോങ്–15’ കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുഎസ് മുഴുവൻ ഇതിന്റെ പരിധിയിൽവരുമെന്നാണ് അവകാശവാദം. രാജ്യം പൂർണ അണ്വായുധശേഷി കൈവരിച്ചതായും സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നും ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎസും ദക്ഷിണ കൊറിയയും സംയുക്ത വ്യോമഭ്യാസ പ്രകടനം നടത്തുന്നത്.

സെപ്റ്റംബറിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ ഈ വർഷം ഇതുവരെ രണ്ടുതവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. കിം ജോങ് ഉൻ അധികാരമേറ്റ 2011 മുതലാണ് ഉത്തര കൊറിയ കൂടുതലായി ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്. ഇതേച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉന്നും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായി. ഇതെല്ലാം മേഖലയെ അരക്ഷിതാവസ്ഥയിൽ എത്തിച്ചിട്ടുണ്ടെന്ന് സുരക്ഷാവിദഗ്ധർ പറയുന്നു.