ആശ്വാസവാക്കുകളുമായി ജനങ്ങൾക്കൊപ്പം വിഎസ്; പ്രതിഷേധമില്ലാതെ പൂന്തുറ

വി.എസ്.അച്യുതാനന്ദൻ പൂന്തുറയിൽ സന്ദർശനം നടത്തിയപ്പോൾ. ചിത്രം: മനോരമ

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പൂന്തുറയ്ക്കും വിഴിഞ്ഞത്തിനും ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. മൽസ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ദുഃഖിതരാണെന്നു മനസിലാക്കിയതു കൊണ്ടാണ് ഞാൻ ഇവിടേക്കു വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. അതു കേന്ദ്ര – സംസ്ഥാന സർക്കാരുകളെ അറിയിക്കുമെന്നും വിഎസ് പറഞ്ഞു.

വി.എസ്.അച്യുതാനന്ദൻ പൂന്തുറയിൽ സന്ദർശനം നടത്തിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പ്രതിഷേധമുയർന്ന പൂന്തുറയിൽ മികച്ച സ്വീകരണമാണ് വിഎസിനു ലഭിച്ചത്. ഇന്നു രാവിലെ പ്രതിരോധമന്ത്രി നിർമല സീതാരാമനൊപ്പമെത്തിയപ്പോഴാണ് കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളുടെ പ്രതിഷേധത്തിന് ഇരയായത്. ഇരുവരും മടങ്ങണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച നാട്ടുകാരെ നിർമല സീതാരാമൻ ആശ്വസിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കു നേരെയും വൻ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്ത മൽസ്യത്തൊഴിലാളികളെ വൻ പൊലീസ് സംഘം ബലം പ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനത്തിൽ അടിച്ചും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. കാറിൽ കയറാൻ കഴിയാത്തതിനെത്തുടർന്നു മുഖ്യമന്ത്രി മറ്റൊരു കാറിൽ കയറി ഹാർബർ പിന്നിട്ടശേഷമാണ് ഒൗദ്യോഗിക വാഹനത്തിലേക്കു മാറിയത്. ഇതോടെ പൂന്തുറയിലെ വീടുകൾ സന്ദർശിക്കാനുള്ള പരിപാടി മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു.