ചീത്തപ്പേരുണ്ടാക്കരുതെന്ന് മോദി; മണിനഗറിനു മണി കെട്ടാൻ സുരേഷ് പട്ടേൽ

മണിനഗറിലെ ബിജെപി സ്ഥാനാർഥി സുരേഷ് പട്ടേൽ പ്രചാരണത്തിൽ. ചിത്രം: വിഷ്ണു വി. നായർ

‘കൊച്ചു മോദി’യുടെ മട്ടിലാണു സുരേഷ് പട്ടേലിന്റെ നിൽപും നടപ്പും. പത്തു വാക്കു പറഞ്ഞാൽ ആറിലും ‘മോദി ഭായ്’ കടന്നുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏൽപിച്ചുവിട്ട ഏതോ വലിയ ദൗത്യം നിറവേറ്റാനെന്ന ഭാവത്തിലാണു കക്ഷിയുടെ മണ്ഡലം ചുറ്റൽ.

മണി നഗർ ബിജെപിയെ സംബന്ധിച്ചു വിഐപി മണ്ഡലമാണ്. മോദി തുടർച്ചയായ മൂന്നു തവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച നിയമസഭാ മണ്ഡലം. പ്രധാനമന്ത്രിയായപ്പോൾ മണിനഗർ ഒഴിഞ്ഞു. 2014 ലെ ഉപതിരഞ്ഞെടുപ്പിൽ സുരേഷ് പട്ടേലിനെ സ്ഥാനാർഥിയാക്കുമ്പോൾ മോദി ഒന്നേ പറഞ്ഞുള്ളൂ– ‘ ചീത്തപ്പേരുണ്ടാക്കരുത്, ഭൂരിപക്ഷം കുറയാനും പാടില്ല’. വാക്ക് പാലിക്കാൻ സുരേഷ് പട്ടേൽ ആവതു യത്നിച്ചു. അതുകൊണ്ടാകാം, മൂന്നു വർഷം പിന്നിട്ടപ്പോൾ വീണ്ടും അതേ പട്ടേൽ തന്നെ സ്ഥാനാർഥി.

കഴിഞ്ഞ തവണ കോൺഗ്രസിലെ ജതിൻ വിജയ് ജയ്നെ നല്ല ഭൂരിപക്ഷത്തിൽ തോൽപിച്ചു പട്ടേൽ മാനം കാത്തു. 2012ൽ മോദി ഇവിടെ നേടിയ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങുമെത്തിയില്ലെന്നതു വേറെ കാര്യം. അന്നു കോൺഗ്രസിലെ ശ്വേത സഞ്ജീവ് ഭട്ടിനെ 86,373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി തറപറ്റിച്ചത്. പഴയ തോൽവിയുടെ ക്ഷീണം മാറ്റാനുറച്ച് മറ്റൊരു ശ്വേതയെ രംഗത്തിറക്കിയിരിക്കുകയാണു കോൺഗ്രസ്– ശ്വേത ബ്രഹ്മഭട്ട്. കോൺഗ്രസ് നേതാവ് നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകൾ. 34 വയസ്സുള്ള ശ്വേത രാഷ്ട്രീയത്തിൽത്തന്നെ പുതുമുഖം. നാട്ടിൽ ബിബിഎയ്ക്കു ശേഷം ബിരുദാനന്തരബിരുദപഠനം ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ. പഠനവും സാമ്പത്തികരംഗത്ത് ഇടക്കാലജോലിയും കഴിഞ്ഞു നാട്ടിലെത്തിയപ്പോഴാണു സ്ഥാനാർഥിത്വം. രണ്ടാംഘട്ടത്തിലാണിവിടെ വോട്ടെടുപ്പ്.

അഹമ്മദാബാദ് പട്ടണത്തോടു ചേർന്ന ഉപഗ്രഹ നഗരമാണിത്. അഹമ്മദാബാദ് സിറ്റി കോർപറേഷന്റെ ഭാഗം. നാട്ടിലെ അറിയപ്പെടുന്ന ബാങ്കർ ആയിരുന്ന സേട്ട് മനേക് ലാൽ മണിലാലിന്റേതായിരുന്നുവത്രെ ഇക്കണ്ട ഭൂമിയൊക്കെ. അങ്ങനെ മണിപ്പുർ എന്ന പേരും വീണു. സംസ്ഥാനത്തെ ആദ്യത്തെ ആധുനിക സെറ്റിൽമെന്റ് കോളനി തുടങ്ങാൻ മനേക് ലാൽ നല്ലൊരു ഭാഗം ഭൂമി വിട്ടുകൊടുത്തു. സാക്ഷാൽ സർദാർ വല്ലഭ് ഭായ് പട്ടേൽ മുൻകയ്യെടുത്തു പിന്നീട് ഇവിടെ നഗരാസൂത്രണ പദ്ധതിയും നടപ്പാക്കി.

നഗരമധ്യത്തിലൂടെ നാലുവരിപ്പാത, അതിനു നടുവിൽ ബിആർടിഎസ് (ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) , റെയിൽവേ സ്റ്റേഷനിൽ നിന്നു ബിആർടിഎസ് സ്റ്റേഷനിലേക്കു ഫുട് ഓവർ ബ്രിജ്. മണി നഗറിനു അതിർത്തി തീർക്കുന്ന കങ്കാണിയ തടാകക്കര സംസ്ഥാനത്തെ ഏറ്റവും മികച്ച പാർക്ക് സമുച്ചയം.... ‘ മോദി ഭായ് കൊണ്ടുവന്ന വികസനം പറയാൻ തുടങ്ങിയാൽ തീരില്ല. എഴുതിയെഴുതി നിങ്ങളുടെ കൈ തളരും...മോദി ഭായ് ഇപ്പോൾ ഇങ്ങോട്ടേക്കു വരാറേയില്ല. ആ പേരിൽ ആരെ നിർത്തിയാലും ജയിക്കും...’ മണ്ഡലത്തിലെ ബിജെപി ഓഫിസിന്റെ ചുമതലയുള്ള തവൽ ഗോസ്വാമി പറയുന്നു.