ജാലിയൻവാലാബാഗ് കൂട്ടക്കൊല: ബ്രിട്ടൻ മാപ്പ് പറയണമെന്ന് ലണ്ടൻ മേയർ

അമൃത്‍സർ∙ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടിഷ് സർക്കാർ മാപ്പു പറയണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ. ഇന്ത്യ സന്ദർശിക്കുന്ന സാദിഖ് ഖാൻ, അമൃത്‍സറിൽ ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു.

1919ൽ നടന്ന കൂട്ടക്കൊലയിൽ ബ്രിട്ടിഷ് സർക്കാർ മാപ്പു പറയേണ്ട സമയമായെന്ന് സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തിയാണു മേയർ മടങ്ങിയത്. ജാലിയൻവാലാബാഗ് സന്ദർശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1919 ഏപ്രിൽ 13ന് നിരായുധരായ സമരക്കാർക്കു നേരെ ബ്രിട്ടിഷ് സൈന്യം നടത്തിയ വെടിവയ്പിൽ 379 പേർ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. യഥാർത്ഥത്തിൽ ആയിരത്തിലധികം പേർ മരിച്ചെന്നാണ് കരുതുന്നത്. 1200 പേർക്കു പരുക്കേറ്റു.