ഗുജറാത്തിൽ ജിഗ്നേഷ് മേവാനിക്കു നേരെ ആക്രമണം; കാർ ചില്ല് തകർന്നു

അഹമ്മദാബാദ്∙ ദലിത് നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനിക്ക് നേരെ ഗുജറാത്തിൽ ആക്രമണം. ബിജെപി അനുഭാവികളാണ് ആക്രമണം നടത്തിയതെന്നു മേവാനി ആരോപിച്ചു. ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ആക്രമണമുണ്ടായത്.

ബനസ്കന്ദ ജില്ലയിലെ വഡ്ഗാമിലാണ് 34കാരനായ മേവാനിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമികള്‍ കല്ലെറിഞ്ഞത്. കാറിന്റെ ചില്ല് തകർന്നു. മേവാനി ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നു ബനസ്കന്ദ എസ്പി നിരജ് ബഡ്ഗുജാര്‍ പറഞ്ഞു. ‘ബിജെപി അനുഭാവികളും സുഹൃത്തുക്കളും എന്നെ തകർവാഡ ഗ്രാമത്തിൽ ആക്രമിച്ചു. ബിജെപി ഭയത്തിലാണ്. അതാണ് ഇത്തരം പ്രവൃത്തികൾക്കു കാരണം. പക്ഷേ ഞാൻ പോരാളിയാണ്, പേടിക്കില്ല’– മേവാനി ട്വിറ്ററിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും മേവാനി ട്വീറ്റ് ചെയ്തു.

‘തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരുങ്ങുന്നവരെ ആക്രമിക്കുന്നതു നിങ്ങളുടെയോ (മോദി) അമിത് ഷായുടെയോ ആശയമാണോ? എന്തായാലുമത് ഗുജറാത്തിന്റെ പാരമ്പര്യമല്ല’– മേവാനി പറഞ്ഞു. അതേസമയം, മേവാനിയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ബിജെപിക്കു പങ്കില്ലെന്ന് വക്താവ് ജഗ്ദിഷ് ഭാവ്സർ പറഞ്ഞു. തിങ്കളാഴ്ചയാണ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും പിന്തുണയോടെയാണ് മേവാനി മൽസരിക്കുന്നത്.