ഇന്ത്യൻ ഡ്രോൺ അതിർത്തി കടന്നു; പുതിയ ആരോപണവുമായി ചൈന

‌ബെയ്ജിങ്∙ അതിർത്തിയിലെ ഇന്ത്യ – ചൈന തർക്കങ്ങൾക്കു താത്കാലിക ശമനത്തിനുശേഷം ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയുടെ ഡ്രോൺ ചൈനീസ് വ്യോമാർതിര്‍ത്തിയിലേക്കു കടന്നെന്നും അതിർത്തിക്കു സമീപം തകർന്നു വീണെന്നുമാണു പുതിയ റിപ്പോർട്ടുകള്‍. 

നീക്കത്തിലൂടെ ചൈനയുടെ അതിർത്തിയിലെ മേല്‍ക്കോയ്മയിലേക്കുള്ള ഇന്ത്യയുടെ ക‍ടന്നു കയറ്റമാണു സംഭവിച്ചതെന്നും ഇന്ത്യയുടെ നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിക്കുന്നതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എവിടെയാണു സംഭവം നടന്നതെന്നോ എപ്പോഴാണു നടന്നതെന്നോ ചൈന വ്യക്തമാക്കിയിട്ടില്ല.

ചൈനീസ് സൈന്യം തകർന്നുവീണ ‍ഡ്രോണ്‍ പരിശോധിച്ചുവരികയാണെന്നും അതിർത്തി സേനകൾ ഈ വിഷയത്തിൽ ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണു നടത്തിയതെന്നും ചൈനീസ് സേനയിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഷാങ് സൂലി പറഞ്ഞു. ചൈനക്കെതിരായ ഏതു വെല്ലുവിളികളും സൈന്യം പ്രതിരോധിക്കുമെന്നും ഷാങ് അറിയിച്ചിട്ടുണ്ട്.

എന്നാൽ ചൈനയുടെ പുതിയ ആരോപണത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദോക് ലായെച്ചൊല്ലി ഇരു രാഷ്ട്രങ്ങളും ആരംഭിച്ച തർക്കം മാസങ്ങൾക്കു മുമ്പാണ് അവസാനിച്ചത്. 73 ദിവസത്തോളം നേർക്കുനേർ നിന്ന ഇന്ത്യൻ–ചൈനീസ് സൈന്യങ്ങള്‍ ചൈന റോഡ് നിർമാണം നിർത്തിവച്ചതിനെത്തുടർന്നാണ് പിന്തിരിഞ്ഞത്.

ഇതിനു പുറമെ ടിബറ്റിലൂടെ അരുണാചൽ പ്രദേശിലേക്കെത്തുന്ന സിയാങ് നദിയിൽ ചൈനീസ് സൈന്യം മാലിന്യം കലക്കിയെന്ന ആരോപണവുമായി അരുണാചൽ ഭരണകൂടവും രംഗത്തെത്തിയിരുന്നു. എന്നാൽ സിയാങ് നദിയിൽ യാതൊരു പ്രവർത്തനവും തങ്ങൾ നടത്തിയിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്.