ഡിസംബർ 25ന് കുൽഭൂഷൺ‌ ജാദവിനെ ഭാര്യയ്ക്കും അമ്മയ്ക്കും കാണാം

ഇസ്‍ലാമാബാദ് ∙ ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ ഡിസംബർ 25ന് ഭാര്യയ്ക്കും അമ്മയ്ക്കും കാണാം. പാക്ക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കി. കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാക്ക് സർക്കാർ അംഗീകരിച്ചിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നാണ് പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

കുൽഭൂഷൺ ജാദവിനെ കാണാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായി 18 തവണ പാക്കിസ്ഥാൻ തളളിയിരുന്നു. കുൽഭൂഷൺ ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാർഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും ഒട്ടേറെ പാക്ക് പൗരൻമാരുടെ മരണത്തിന് ഇയാൾ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ പ്രകാരം രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. വധശിക്ഷയ്ക്കെതിരെ ജാദവും പാക്ക് സർക്കാരിനും കോടതിക്കും അപ്പീൽ നൽകിയിട്ടുണ്ട്.