ജനറേറ്റർ മോഷ്ടിച്ച മൂന്ന് ഉത്തരകൊറിയക്കാർ ജപ്പാനിൽ പിടിയിൽ

ടോക്ക്യോ∙ ആൾത്താമസമില്ലാത്ത ദ്വീപിൽ നിന്ന് ജനറേറ്റർ മോഷ്ടിക്കാൻ ശ്രമിച്ചതിന് ബോട്ടുൾപ്പെടെ മൂന്ന് ഉത്തര കൊറിയക്കാരെ ജപ്പാൻ കസ്റ്റഡിയിലെടുത്തു. കൊറിയയിൽ നിന്നുള്ള ബോട്ടുകൾ മീൻ പിടിത്തത്തിനുൾപ്പെടെ ജപ്പാൻ തീര‍ത്തെത്തുന്നത് പതിവാകുന്നതിനിടെയാണ് പുതിയ സംഭവം.

ആളില്ലാത്തതും ശവശരീരങ്ങൾ നിറഞ്ഞതുമായ ബോട്ടുകൾ ഇടയ്ക്കിടെ ജപ്പാൻ മേഖലയിൽ എത്തുന്നതിനെയും ജപ്പാൻ സംശയത്തോടെയാണ് കാണുന്നത്. ചാരന്മാർ രാജ്യത്തേക്കു നുഴഞ്ഞു കയറുന്നുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. അതേസമയം, പിടിയിലാവർ ഉത്തരകൊറിയൻ ചാരൻമാരാണോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരുന്നു.

കഴിഞ്ഞ മാസം ഹൊക്കായ്ഡോ ദ്വീപിനു സമീപത്ത് നിന്നും സമാനമായ സാഹചര്യത്തിൽ 10 പേരടങ്ങിയ ഒരു ബോട്ട് കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നുപേരെ മോഷണക്കുറ്റത്തിന് അറസ്റ്റു ചെയ്തു. ജപ്പാൻ തീരത്ത് നവംബറിൽ മാത്രം മുപ്പതോളം ബോട്ടുകളാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇതു വളരെ കൂടുതലാണെന്ന് തീരസംരക്ഷണ സേനയും വ്യക്തമാക്കി.