ജറുസലം: സംഘർഷം പുകയുന്നതിനിടെ സമാധാന ആഹ്വാനവുമായി ട്രംപ്

ട്രംപിനെതിരെ പോസ്റ്ററുമായി പ്രതിഷേധം നടത്തുന്ന പലസ്തീൻകാർ.

വാഷിങ്ടൻ∙ ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയിൽ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നവർ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. ഇസ്രയേലും പലസ്തീനും തമ്മിൽ സുദീർഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി.

ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂർവേഷ്യയിൽ സമാധാനത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നെങ്കിൽ അക്കാര്യത്തിൽ സത്യസന്ധത പാലിക്കേണ്ടതുണ്ട്. ജറുസലം ആണു തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നത് അതിന്റെ ആദ്യപടിയാണ്– ഷാ കൂട്ടിച്ചേർത്തു.

എന്നാൽ ജറുസലം തീരുമാനത്തിൽ ഇടപെടാനില്ലെന്നു യുഎൻ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറ്റലിയും സ്വീഡനും വ്യക്തമാക്കി. ട്രംപിന്റെ നീക്കം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഒരു തരത്തിലും സഹായകരമാകില്ലെന്നു സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിനൊടുവിൽ അഞ്ചു രാജ്യങ്ങളും വ്യക്തമാക്കി.

അതിനിടെ, ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ഗാസയിലും വെസ്റ്റ് ബാങ്കിലും സംഘർഷം പുകയുകയാണ്. ഇസ്രയേലിലെ തെക്കൻ നഗരങ്ങളിലൊന്നിലേക്കു ഗാസ റോക്കറ്റാക്രണം നടത്തിയതായി സൈന്യം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റ് പൊട്ടിത്തെറിച്ചില്ലെന്നു പ്രാദേശിക റേഡിയോ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയുണ്ടായ മൂന്നാമത്തെ റോക്കറ്റ് ആക്രമണമാണിത്.

ഗാസയിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ രണ്ടു പലസ്തീന്‍കാർ കൊല്ലപ്പെട്ടു. മൂന്നാമതൊരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തിന്റെ തലയ്ക്കു വെടിയേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിനു മറുപടിയായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർക്കു പരുക്കേറ്റതായി പലസ്തീൻ അറിയിച്ചു.

ഗാസയോടു ചേർന്ന് അതിർത്തിയിൽ 4500ഓളം പലസ്തീൻകാർ ആക്രമണം അഴിച്ചുവിടുന്നുവെന്നാണ് ഇസ്രയേലിന്റെ മറുവാദം. ഇവർക്കു നേരെ വെടിവയ്പു നടത്തിയതായും സൈന്യം സമ്മതിച്ചു. എന്നാൽ പരുക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിന്റെ പരിശീലന കേന്ദ്രവും ഗാസയിലെ ആയുധസംഭരണശാലയുമാണു വ്യോമാക്രമണത്തിൽ തകർത്തതെന്നും ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ കേന്ദ്രങ്ങളാണു വ്യോമാക്രമണമുണ്ടായതെന്നും പലസ്തീൻ സുരക്ഷാവിഭാഗവും അറിയിച്ചിട്ടുണ്ട്.