ഗുരുവായൂരിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു

ഗുരുവായൂര്‍ ∙ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണു മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. രാവിലെയാണ് ക്ഷേത്രത്തിൽ മൂന്ന് ആനകള്‍ ഇടഞ്ഞത്. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം.

ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോൾ ശ്രീകൃഷ്ണൻ എന്ന കൊമ്പൻ ഇടഞ്ഞ് സുഭാഷിനെ കുത്തുകയായിരുന്നു. ആനയിടഞ്ഞതറിഞ്ഞ് പരിഭ്രമിച്ചോടിയ ദേവകിയമ്മ (63), കണ്ണൂര്‍ സ്വദേശി ഋഷികേശ് (12) എന്നിവർക്ക് വീഴ്ചയിൽ പരുക്കേറ്റു.

മൂന്ന് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. ശ്രീകൃഷ്ണൻ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ പരിഭ്രമിച്ചോടി. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ രവികൃഷ്ണയെ ഉടന്‍ തളച്ചു. കോലവും തിടമ്പും എഴുന്നള്ളിച്ചിരുന്ന ഗോപീകണ്ണന്‍ ഓടി ഭഗവതി ക്ഷേത്രത്തിനു സമീപം എത്തി. ഇതിനിടെ കോലവും തിടമ്പും താഴെ വീണു.

മുകളിലുണ്ടായിരുന്ന കീഴ്ശാന്തി മേലേടം ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന്റെ വിളക്കുമാടത്തില്‍ പിടിച്ച് താഴേക്കു ചാടി രക്ഷപ്പെട്ടു. ഇതിനിടെ ഗോപീകണ്ണന്‍ ഭഗവതി ക്ഷേത്രത്തില്‍നിന്നു പുറത്തേക്കുള്ള വാതിലിലൂടെ കിഴക്കേനടയിലെത്തി ആനക്കോട്ട ലക്ഷ്യം വച്ചു നീങ്ങി. ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പരിസരത്തു വച്ച് ആനയെ തളച്ചു.

പാപ്പാനെ കുത്തിയ ശ്രീകൃഷ്ണന്‍ ഓടിക്കയറിയത് വടക്കേനടയിലെ പഴയ വഴിപാടു കൗണ്ടര്‍ കെട്ടിടത്തിലേക്കാണ്. ഉയരം കുറഞ്ഞ ഇവിടെ കയറിയ ആന പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അര മണിക്കൂറിനു ശേഷം പാപ്പാന്‍മാര്‍ ആനയെ സുരക്ഷിതമായി ബന്ധിച്ച് ക്ഷേത്രത്തിനു പുറത്തെത്തിച്ച് ആനക്കോട്ടയിലേക്കു കൊണ്ടു പോയി.

അതേസമയം, ക്ഷേത്രത്തില്‍ ഓതിക്കന്‍ പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തിടമ്പിനു പുണ്യാഹം കഴിച്ച് ശീവേലിയുടെ ബാക്കി മൂന്ന് എഴുന്നള്ളിപ്പുകള്‍ പൂര്‍ത്തിയാക്കി. കീഴ്ശാന്തി മേലേടം ഹരി നമ്പൂതിരി തിടമ്പ് കയ്യില്‍ പിടിച്ചാണ് എഴുന്നള്ളിപ്പു നടത്തിയത്. തുടര്‍ന്ന് അകത്ത് പുണ്യാഹം, ശുദ്ധി ചടങ്ങുകള്‍ നടന്നു. രാവിലെ ഒന്‍പതോടെ ക്ഷേത്രച്ചടങ്ങുകള്‍ സാധാരണ നിലയിലായി.

ദേവസ്വത്തിലെ സ്ഥിരം പ്രശ്‌നക്കാരായ കൊമ്പന്‍മാരിലൊരാളാണ് ശ്രീകൃഷ്ണൻ. 2010ല്‍ ആനയോട്ടത്തിനിടെ ക്ഷേത്രത്തിനകത്തു വച്ച് ഇടഞ്ഞ ആന ഒരാളെ കുത്തി പരുക്കേല്‍പിച്ചിരുന്നു. അതിനുശേഷം പുറത്തേക്കോടിയ കൊമ്പന്‍ സത്രം കെട്ടിടത്തിനകത്തു കയറുകയായിരുന്നു. ഇതിനിടെ ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. സത്രം കെട്ടിടത്തിൽ കുടുങ്ങിയതോടെയാണ് അന്ന് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്.