ബഹുമാനപ്പെട്ട സാര്‍, ജയിക്കാൻ ഇങ്ങനെ വേണോ? മോദിയോട് ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപിയില്‍ തന്നെ മറുസ്വരം. ജയിക്കാന്‍ വേണ്ടി മാത്രം അവിശ്വസനീയമായ കഥകള്‍ പറയരുതെന്നാണ് മുതിര്‍ന്ന ബിജെപി നേതാവായ ശത്രുഘ്നന്‍ സിന്‍ഹയുടെ പരിഹാസം.

ബഹുമാനപ്പെട്ട സാര്‍, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി, അതും പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ അടിസ്ഥാനരഹിതമായതും അവിശ്വസനീയവുമായ കഥകള്‍ എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നത് ശരിയോ..? പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറുമായും മറ്റും ബന്ധപ്പെടുത്തുന്നത് അവിശ്വസനീയം തന്നെ- ശത്രുഘ്നന്‍ സിൻഹ ട്വിറ്ററിൽ കുറിച്ചു. മോദിയുടെ പേരെടുത്തു വിമർശിച്ചില്ലെങ്കിലും ‘സർ’ എന്ന് അഭിസംബോധന ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത്തരം കഥകള്‍ക്കു പകരം നമ്മുടെ വാഗ്ദാനങ്ങളെപ്പറ്റിയും വികസന മോഡലിനെപ്പറ്റിയും സംസാരിക്കൂ. തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാതെ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകട്ടെ, മറ്റൊരു ട്വീറ്റില്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ ഉപദേശം.

പരിസ്ഥിതിയെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യകരമായ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും തിരികെപ്പോകണമെന്നും സിൻഹ മോദിയോട് ആവശ്യപ്പെട്ടു.

തെളിവൊന്നും പുറത്തുവിടാതെയാണ് ‘മൂന്നു മണിക്കൂർ നീണ്ട രഹസ്യ’ യോഗത്തെക്കുറിച്ചു നരേന്ദ്ര മോദി ഞായറാഴ്ച ആരോപണം ഉന്നയിച്ചത്. മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറും മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പങ്കെടുത്ത യോഗത്തിന്റെ പിറ്റേന്നാണു മണിശങ്കർ അയ്യർ തന്നെ ‘നീചൻ’ എന്നു വിളിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മോദിയുടെ വിമർശനത്തിനെതിരെ പാക്ക് സർക്കാരും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.