ലാവ്‍ലിൻ കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപീംകോടതി മാറ്റിവച്ചു

ന്യൂഡൽഹി∙ ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ലാവ്‍ലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജിയാണു മാറ്റിവച്ചത്. അതേസമയം, വാദം കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യരും, ആര്‍.ശിവദാസുമാണ് ഒരുമാസത്തേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സാവകാശം വേണമെന്നാണ് നാലാംപ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യരുടെ ആവശ്യം. വ്യക്തിപരമായ ബുദ്ധിമുട്ടാണ് മൂന്നാംപ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍.ശിവദാസ് ചൂണ്ടിക്കാട്ടുന്നത്. സിബിഐ അപ്പീല്‍ ഫയല്‍ ചെയ്യുന്ന സാഹചര്യത്തില്‍ കേസ് മാറ്റണമെന്നായിരുന്നു കഴിഞ്ഞതവണ ശിവദാസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ്, വൈദ്യുതി ബോര്‍ഡ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപ്രതികള്‍ പരമോന്നതകോടതിയെ സമീപിച്ചത്.