വിളിക്കാത്ത കല്യാണത്തിനു ഷെരീഫിന്റെ വീട്ടിൽ പോയതാര്‌? മോദിയോട് കോൺഗ്രസ്

ന്യൂഡല്‍ഹി∙ പാക്കിസ്ഥാൻ ബന്ധത്തെച്ചൊല്ലി ബിജെപി– കോൺഗ്രസ് പോര് കടുക്കുന്നു. രാജ്യത്തെ സുപ്രധാന വ്യോമ താവളമായ പഠാൻകോട്ടിലേക്ക് പാക്ക് ഇന്റലിജൻസ് ഓഫിസർമാർക്കടക്കം പ്രവേശനം നൽകിയ ബിജെപിയാണ് ശരിക്കും പാക്കിസ്ഥാൻ സ്നേഹികളെന്ന് കോൺഗ്രസ് ആരോപിച്ചു. പാക്ക് പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ കുടുംബത്തില്‍ നടന്ന ചടങ്ങിൽ‌ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും പാക്ക് ബന്ധത്തിന് തെളിവാണെന്നാണ് കോൺഗ്രസ് ആക്ഷേപം.

''ഉദ്ദംപൂരിലേയും ഗുർദാസ്പൂരിലേയും ആക്രമണങ്ങൾക്കു ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു വിളിക്കാതെ കയറിച്ചെന്നത് ആരാണ്?, അപ്പോൾ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്നേഹമെന്ന് ഇവിടെ എല്ലാവർക്കും അറിയാം'' കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. പാക്കിസ്ഥാനിൽനിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പഠാൻകോട്ടിലേക്ക് കയറ്റിയതാരെന്ന് ചോദിക്കേണ്ടിവരും, സുർ‌ജേവാല ആരോപിച്ചു.

ഗുജറാത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോൺഗ്രസ് പാക്കിസ്ഥാനുമായി സഹകരിക്കുന്നെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ കോൺഗ്രസിന്റെയും പാക്കിസ്ഥാന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്തെന്നായിരുന്നു മോദിയുടെ ആരോപണം.

ഇത്തരം ചിന്തകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേർന്നതല്ലെന്നും സുർജേവാല പ്രതികരിച്ചു. ഗുജറാത്തില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമാകുമെന്ന ഭയം മോദിക്കുണ്ട്. അതുകൊണ്ടാണ് മോദി തലയും വാലുമില്ലാത്ത ആരോപണങ്ങളുമായി വരുന്നതെന്നും സുർജേവാല വ്യക്തമാക്കി.

മറ്റൊരു കോൺഗ്രസ് നേതാവായ മനീഷ് തിവാരിയും ബിജെപിക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ പാക്ക് ഹൈക്കമ്മിഷണറെ പ്രധാനമന്ത്രി പുറത്താക്കണം. രാജ്യത്ത് അധികാരത്തിൽ വന്നിട്ടുള്ള ബിജെപി സർക്കാരുകളുടെ പാക്ക് നിലപാടുകൾ നിലവാരമില്ലാത്തതാണെന്നും തിവാരി ആരോപിച്ചു.