കേരള കോൺഗ്രസ് സമ്മേളനം ഇന്നു മുതൽ‌ കോട്ടയത്ത്; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

കോട്ടയം ∙ കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനം ഇന്നു മുതൽ. ഇന്നു വൈകിട്ട് അഞ്ചിനു നെഹ്‌റു സ്‌റ്റേഡിയത്തിൽ പാർട്ടി ചെയർമാൻ കെ.എം.മാണി പതാക ഉയർത്തും. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് ഇരുചക്രവാഹന റാലിയുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിളംബര റാലികൾ നാലിനു പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംഗമിക്കും. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. സംഘങ്ങൾ ജില്ലയിൽ പര്യടനം തുടരും. നാളെ മൂന്നിന് നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ എത്തും. നാളെ മൂന്നിനാണ് നെഹ്റു സ്റ്റേഡിയത്തിൽ മഹാസമ്മേളനം.

ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു. സമ്മേളനം പാർട്ടി ചെയർമാൻ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും. 16 നു രാവിലെ പത്തിനു ഹോട്ടൽ ഐഡ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും.

അതേസമയം, കേരള കോൺഗ്രസ് (എം) സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകില്ലെന്നു വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ വ്യക്തമാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സമ്മേളനം ചർച്ചചെയ്യും. പ്രധാനമായും കാർഷിക പ്രശ്നങ്ങളാണു ചർച്ചയ്ക്കു വരിക. ചരൽക്കുന്ന് ക്യാംപിലെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ജോസഫ് പറഞ്ഞു.

കോൺഗ്രസിനോടും സിപിഎമ്മിനോടും സമദൂരമെന്ന നിലപാട് കേരള കോൺഗ്രസ് (എം) സ്വീകരിച്ചത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പത്തനംതിട്ട ചരൽക്കുന്നിൽ നടന്ന സംസ്ഥാന ക്യാംപിലായിരുന്നു. സ്വതന്ത്ര നിലപാടെടുക്കുമെന്നും പ്രശ്നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും പാർട്ടിനയമെന്നും പാർട്ടി ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു.