വച്ചുനീട്ടിയാലും വാഗ്ദാനം ചെയ്ത പദവികൾ ഇനി വേണ്ട; ബിജെപിയോട് തുഷാർ

തിരുവനന്തപുരം∙ ബിജെപിയോടുള്ള അതൃപ്തി പൂർണമായി പരസ്യമായി പ്രകടിപ്പിച്ച് ബിഡിജെഎസ്. അധികാരത്തിലെത്താൻ ആരുമായും സഹകരിക്കുമെന്ന് ബിഡിജെഎസ് പ്രസിഡന്റും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മുന്നണിമാറ്റം വേണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. ഒരു മുന്നണിയോടും തങ്ങൾക്ക് അയിത്തമില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. കേന്ദ്രത്തില്‍ പല പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇനിയവ വച്ചുനീട്ടിയാലും വേണ്ടെന്നും തുഷാർ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ എന്‍ഡിഎ ഇല്ല, ബിജെപി മാത്രമാണുള്ളതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നില്ല. ബിഡിജെഎസിനെ തനിക്ക് തടയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപംകൊണ്ട രാഷ്ട്രീയ പാർട്ടിയാണ് ബി‍ഡിജെഎസ്. 2015ൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപെയായിരുന്നു പാർട്ടി പ്രഖ്യാപനം.