വോട്ടിങ് യന്ത്ര തിരിമറിക്ക് ബിജെപിക്ക് 140 എൻജിനീയർമാർ: ഹാർദിക്

ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തുന്നതിന് ബിജെപി ഒരു സംഘം എൻജിനീയർമാരെ വാടകയ്ക്കെടുത്തിരുന്നെന്ന ആരോപണവുമായി പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് യന്ത്രത്തിൽ ബിജെപി തിരിമറി നടത്തിയിരിക്കാമെന്നുപറഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് ഹാർദിക് ആരോപണം കടുപ്പിച്ചത്.

ട്വിറ്ററിലൂടെയാണ് ഹാർദിക്കിന്റെ ആരോപണം. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ 140 എൻജിനീയർമാരെ ഇതിനായി വാടകയ്ക്കെടുത്തു. 4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തി. വിസ്നനഗർ, രാധൻപുർ തുടങ്ങി പട്ടേൽ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളിലും ആദിവാസി മേഖലകളിലുമാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതെന്നും ഹാർദിക് പട്ടേൽ വിശദീകരിച്ചു.

മനുഷ്യശരീരം പോലുള്ള ദൈവീക സൃഷ്ടികളിൽ കൃത്രിമം കാട്ടാമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിക്കൂടെന്നും പട്ടേൽ പിന്നീടു ചോദിച്ചു. ബിജെപിക്കാർ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മുന്നറിയിപ്പു നൽകി കഴിഞ്ഞദിവസവും ഹാർദിക് രംഗത്തെത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയെങ്കിൽ മാത്രമെ ഗുജറാത്തിൽ ബിജെപിക്കു ജയിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.