മോദിയുടെ നയങ്ങൾക്കുള്ള അംഗീകാരമെന്ന് രാജ്നാഥ്; രാഹുൽ സ്വാധീനിച്ചെന്ന് തരൂർ

ന്യൂഡൽഹി ∙ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്വന്തമാക്കിയ വിജയം നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇരു സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷം നേടി ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

അതേസമയം, രാഹുൽ ഗാന്ധി നടത്തിയ പ്രചാരണം വലിയ സ്വാധീനമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സൃഷ്ടിച്ചതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ വരവ് വലിയ ഊർജം പാർട്ടി പ്രവർത്തകരിൽ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതാണ്. കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങളിൽ ഒന്നു മാത്രമാണിത്. ഇന്ത്യയിൽ ആകെ 29 സംസ്ഥാനങ്ങളുണ്ട് എന്നത് മറക്കരുത്. കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ:

∙ പ്രകാശ് ജാവഡേക്കർ, മാനവവിഭവശേഷി മന്ത്രി

ബിജെപി സർക്കാർ മുന്നോട്ടുവച്ച വികസന അജൻഡയ്ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. 

∙ യോഗി ആദിത്യനാഥ്

കോൺഗ്രസ് മുന്നോട്ടുവച്ച വിഭാഗീയ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. ഊർജസ്വലരായ ബിജെപി നേതൃത്വവും കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകരും ചേർന്നു നേടിയ വിജയമാണിത്. കോൺഗ്രസിലെ നേതൃമാറ്റവും ബിജെപിക്ക് അനുകൂലമായി മാറി. 2019 ലോക്സഭാ തിര‍ഞ്ഞെടുപ്പിലും കോൺഗ്രസിന്റെ അവസ്ഥ മറ്റൊന്നാകാൻ വഴിയില്ല.

∙ സാംപിത് പാത്ര

ഭരണവിരുദ്ധ വികാരത്തിനുള്ള സാധ്യത നിലനിൽക്കുമ്പോഴും  ഒരു പാർട്ടി ആറു ശതമാനത്തിലധികം സീറ്റുകൾ അധികം നേടി വിജയിച്ച അപൂർവം സംഭവങ്ങളേ ഇന്ത്യൻ ചരിത്രത്തിലുള്ളൂ. രാഷ്ട്രീയ പോരാട്ടത്തിന്റെ ശരിയായ രീതിയില്ല കോൺഗ്രസ് ഇത്തവണ ബിജെപിയെ നേരിട്ടത്. വോട്ടുകളുടെ ധ്രുവീകരണത്തിന്റെ ഫലമല്ല ബിജെപിയുടെ വിജയം. മറിച്ച്, താഴെത്തട്ടിൽ പോയി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണത്.

∙ രവിശങ്കർ പ്രസാദ്, കേന്ദ്ര നിയമമന്ത്രി

ജനങ്ങൾ ഇപ്പോഴും ബിജെപിയെ വിശ്വസിക്കുന്നു. അന്തിമ വിജയം ബിജെപിയുടേതാണ്. ജനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെയാണ് മോദി പ്രധാനമന്ത്രിയായത്. മറിച്ച് ചിന്തിക്കുന്ന ആളുകൾ മാറ്റിച്ചിന്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾ വികസനത്തിനാണ് വോട്ടു ചെയ്തത്.

∙ സ്മൃതി ഇറാനി

വികസനത്തിന് ലഭിച്ച അംഗീകാരമായ ഈ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമാണ്.