ബ്രസീല്‍ താരം കക്ക കളി നിർത്തുന്നു; വിരമിക്കുന്നത് ലോകകപ്പ് നേടിയ ടീമംഗം

റിയോഡിജനീറോ∙ പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം കക്ക കളി മതിയാക്കുന്നു. കളിക്കാരന്റെ റോളിൽ അധികകാലമില്ലെന്നും മറ്റൊരു സ്ഥാനവുമായി കളത്തിൽ തുടരുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കക്ക വ്യക്തമാക്കി. മാനേജരുടെ റോളിലോ പരിശീലക സ്ഥാനത്തോ തുടരാനാണു കക്കയുടെ പദ്ധതിയെന്നാണു സൂചനകൾ.

2002ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കക്ക 2007 ബാലണ്‍ ദിഓർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിലെ സാവോപോളോയിൽ ഫുട്ബോൾ കളിച്ചുതുടങ്ങിയ കക്ക 2003ലാണ് യൂറോപ്യൻ ടീമായ എസി മിലാനിലെത്തുന്നത്. 2003ൽ ഇറ്റാലിയന്‍ സീരി എയിലും 2007ൽ ചാംപ്യൻസ് ലീഗിലും കക്കയുടെ മികവിലാണ് മിലാൻ കിരീടം നേടിയത്.

2009ൽ റെക്കോർഡ് തുകയ്ക്ക് സ്പാനിഷ് ക്ലബ് റയൽ മ‌ഡ്രിഡിലെത്തിയ താരത്തിന് പക്ഷെ അവിടെ ഫോം തുടരാനായില്ല. 2013ൽ വീണ്ടും കക്ക മിലാനിലേക്ക് ചേക്കേറി. ബ്രസീലിനു വേണ്ടി 92 മൽസരങ്ങൾ കളിച്ച കക്ക 29 ഗോളുകൾ നേടിയിട്ടുണ്ട്.