ജലരേഖയായത് യുപിഎ ഭരണത്തിന്റെ വേരറുത്ത, മോദി തരംഗത്തിന് വിത്തുപാകിയ കേസ്

ന്യൂഡൽഹി ∙ ഒരു ദശാബ്ദം നീണ്ട യുപിഎ ഭരണത്തിന്റെ വേരറുത്തതിലും രാജ്യമാകെ വ്യാപിച്ച മോദി തരംഗത്തിന് വേരുപാകിയതിലും നിർണായക പങ്കുവഹിച്ച അഴിമതിക്കേസിലാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നവരെല്ലാം പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. മേൽക്കോടതികളിൽ അപ്പീൽ സാധ്യത നിലനിൽക്കെ ഇത് അന്തിമവിധിയായി കണക്കാക്കാനാകില്ലെങ്കിലും 2ജി സ്പെക്ട്രം അഴിമതിയുടെ പേരിൽ കടുത്ത ആരോപണങ്ങൾ നേരിട്ട കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും വലിയ ആശ്വാസമാണ് ഈ വിധി. വിധിക്കുപിന്നാലെയുള്ള ഡിഎംകെ, കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ ഈ ആശ്വാസം പ്രകടവുമാണ്.

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 2ജി സ്പെക്ട്രം അഴിമതിക്കേസിനു പിന്നാലെ കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി ആരോപണങ്ങളും ശക്തിപ്രാപിച്ചതോടെയാണ് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായ മൂന്നാം തവണയും ഭരണം പിടിക്കാമെന്ന കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രതീക്ഷ അസ്ഥാനത്തായത്. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ രണ്ടാം യുപിഎ സർക്കാരിനെതിരെ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ തലസ്ഥാനനഗരിയില്‍ യുവാക്കളുടെ പ്രതിഷേധം ആഞ്ഞടിച്ചതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത് എന്നതാണ് വാസ്തവം.

2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുകള്‍ 2009 മുതല്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചയായിരുന്നു. പക്ഷെ കേവലഭൂരിപക്ഷത്തിന് ഡിഎംകെയുടെ പിന്തുണ അനിവാര്യമായിരുന്നതിനാൽ ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ല. വന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ദിവസങ്ങളോളം പ്രക്ഷുബ്ധമായി. ആരോപണം ജോയിന്‍റ് പാര്‍ലമെന്‍റ് സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്‍റിനകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കി. രാജയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒരുഘട്ടത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളി വരെയെത്തി. 

കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്കെതിരെ സുപ്രീംകോടതി നടത്തിയ രൂക്ഷവിമര്‍ശനം മന്‍മോഹന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കര്‍ണാടകയിലെ ബിജെപി മന്ത്രിസഭയുടെ അഴിമതിക്കഥകള്‍ ഉറക്കെപ്പറഞ്ഞ് പ്രതിരോധിക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. മന്‍മോഹന്‍ സിങിനെ പിന്തുണച്ച് സോണിയാഗാന്ധി നേരിട്ടെത്തിയെങ്കിലും കാര്യമുണ്ടായില്ല.

മകള്‍ കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലു അമ്മാളുവിനെതിരെയുള്ള അന്വേഷണവും കരുണാനിധിയെ കോണ്‍ഗ്രസുമായി അകറ്റി. അഴിമതിക്കെതിരിരെയുള്ള പ്രതിഷേധം രാജ്യം മുഴുവന്‍ ശക്തമായി. ഹിന്ദുത്വ രാഷ്ട്രീയം മറച്ചുവെച്ച് വികസനവും അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളും മുന്‍നിര്‍ത്തിയുള്ള മോദിയുടെ പ്രചരണം ബിജെപിയെ പാര്‍ലമെന്‍റില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റുകയും വൻ ഭൂരിപക്ഷത്തോടെ അവർ ഭരണം പിടിക്കുകയും െചയ്തു.

പിന്നീട് സംഭവിച്ചതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ചരിത്രമാണ്. ആ ചരിത്രം വീണ്ടും ഗതിമാറ്റാൻ ഈ വിധി ഉതകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും ജനാധിപത്യവിശ്വാസികളും.