ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിൽ കയ്യാങ്കളി; കേരള ടീമിന് ഹരിയാനയുടെ മർദനം

റോത്തക് (ഹരിയാന)∙ ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിനെത്തിയ കേരള താരങ്ങളെ ഹരിയാന ടീം അംഗങ്ങൾ മര്‍ദിച്ചു. പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ഹരിയാന താരമാണ് കയ്യേറ്റത്തിനു നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച മീറ്റില്‍ കേരളം ഹരിയാനയ്ക്കു മുന്നിലെത്തിയിരുന്നു. ഇതിന്റെ ദേഷ്യമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. ഇവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് കേരളം പരാതി നല്‍കി.

മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ ഹരിയാന താരം കേരള ടീമിന്റെ ക്യാംപില്‍ കയറി മര്‍ദിക്കുകയായിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍.അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരുക്കുണ്ടെന്നാണു റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ മാപ്പ് ചോദിച്ചു ഹരിയാന രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഹരിയാന ഡിഇഒ വ്യക്തമാക്കി.

ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റിൽ കിരീടത്തിനായി കേരളവും ഹരിയാനയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 64 പോയിന്റ് നേടിയ കേരളമാണു മുന്നിൽ. 53 പോയിന്റുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്. നാലാംദിനം കേരളത്തിന് മൂന്ന് സ്വർണമുൾപ്പടെ ഏഴ് മെഡലുകൾ ലഭിച്ചു. ഡിസ്കസ് ത്രോയിൽ സ്കൂൾ മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി കേരളം സ്വർണം നേടിയിരുന്നു.

മീറ്റിന്റെ നാലാംദിനം വെള്ളി നേടിയാണ് കേരളം തുടങ്ങിയത്. പെൺകുട്ടികളുടെ 3000 മീറ്ററിൽ അനുമോൾ തമ്പിക്ക് വെള്ളിയും കെ.ആർ.ആതിരക്ക് വെങ്കലവും ലഭിച്ചു. ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ അലക്സ് പി.തങ്കച്ചൻ സ്വർണം നേടി ചരിത്രം കുറിച്ചു. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അനന്തു വിജയനു വെള്ളി. പെൺകുട്ടികളിൽ വിഷ്ണു പ്രിയയ്ക്കാണു സ്വർണം. ഈ വർഷം വിഷ്ണുപ്രിയ നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. ട്രിപ്പിൾ ജംപിൽ ഐശ്വര്യ.പി.ആർ സ്വർണമണിഞ്ഞു. ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ അനസ് വെള്ളിയും അജിത് വെങ്കലവും നേടി.