ഇന്ത്യയുമായി യുദ്ധമല്ല ചർച്ചയാണ് വേണ്ടത്; നിർണായക നീക്കവുമായി പാക്ക് സൈന്യം

ഇസ്‍ലാമാബാദ്∙ ഇന്ത്യയുമായുള്ള സമാധാന ചർച്ചകളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി പാക്ക് സൈന്യം. യുദ്ധമല്ല സമാധാനമാണ് വേണ്ടത്, അതിനു ചർച്ചകൾ നടത്തണം. ഇതിനായി ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായി സമാധാനമാണ് പാക്ക് സൈന്യം ആഗ്രഹിക്കുന്നതെന്നും പാക്ക് സെനറ്റിനു നൽകിയ വിശദീകരണത്തിൽ പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നു പാക്കിസ്ഥാനിലെ എംപിമാരോടു സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിൽ ആക്കുന്നതിനായുള്ള നടപടികൾക്കു സൈന്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബജ്‌വ പറഞ്ഞു. സെനറ്റ് കമ്മിറ്റിയിൽ സംസാരിക്കവേയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.

ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് എതിരുനിൽക്കുന്നതു പാക്ക് സൈന്യമാണെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. ഇവ തെറ്റാണെന്നും സമാധാന ശ്രമങ്ങൾക്കു തങ്ങൾ മുൻകൈയെടുക്കാറുണ്ടെന്നും തെളിയിക്കുന്നതിനാണു നിലപാടുമാറ്റമെന്നു വിലയിരുത്തലുണ്ട്. അതേസമയം, ഇന്ത്യൻ സേനയിലെ ഒരു വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്നു ബജ്‍വ പറഞ്ഞു. അഫ്ഗാൻ ഇന്റലിജൻസുമായും ദേശീയ സുരക്ഷാ ഡയറക്ടറേറ്റുമായും ഇന്ത്യ നല്ല ബന്ധമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തു ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നു പാക്കിസ്ഥാനോടു യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ യുഎസ്, സ്വന്തം മണ്ണിലുള്ള ഭീകരതയുടെ വേരുകൾ അറുത്തുകളയണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.