പാർട്ടി പറയുന്നത് മാത്രം അനുസരിക്കുക; അംഗങ്ങളോട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

ബെയ്ജിങ് ∙ വ്യക്തികൾ പാർട്ടിക്ക് അതീതരായി വളരുന്നത് തടയാൻ കർശന നിർദ്ദേശങ്ങളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. രാജ്യം അരാജകത്വത്തിലേക്കു വഴുതുന്നത് തടയാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പാർട്ടിയോട് ചേർന്ന് നിൽക്കാനാണ് അംഗങ്ങൾക്കുള്ള നിർദ്ദേശം. പാർട്ടിയുടെ മുഖപത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’യാണ് പാർട്ടി അംഗങ്ങൾക്കുള്ള ഈ നിർദ്ദേശം ഉൾപ്പെടുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഇത്തരത്തിൽ പാർട്ടി നിർദ്ദേശങ്ങള്‍ അനുസരിക്കാതെ ആളുകൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന അവസ്ഥയെ ഡീ–സെൻട്രലിസം’ എന്ന വാക്കുകൊണ്ടാണ് ‘പീപ്പിൾസ് ഡെയ്‌ലി’ വിശേഷിപ്പിക്കുന്നത്. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഈ രീതിയിൽ സ്വാതന്ത്ര്യം ആവോളമുണ്ടെങ്കിലും അച്ചടക്കം തെല്ലുമുണ്ടാകില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോൾ മറ്റുള്ളവരെ തെല്ലും വകവയ്ക്കില്ല. ഇത്തരം ‘അപകടകരമായ’ ജീവിതം നയിക്കുന്നവർ ഇപ്പോഴും പാർട്ടിയിലുണ്ടെന്നും ‘പീപ്പിൾസ് ഡെയ്‌ലി’ ചൂണ്ടിക്കാട്ടുന്നു.

പത്തൊമ്പതാം പാർട്ടി കോൺഗ്രസിനു പിന്നാലെ പാർട്ടിയിലും സർക്കാരിലും ഷി ചിൻപിങ് പിടിമുറുക്കിയതിനു പിന്നാലെയാണ് ഏകാധിപത്യ പ്രവണതകൾ ശക്തമാക്കുന്ന നിർദ്ദേശങ്ങളുമായി പാർട്ടി മുഖപത്രത്തിൽ റിപ്പോർട്ട് വന്നിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ അനുമതി നൽകിയ പാർട്ടി കോൺഗ്രസ്, ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

പാർട്ടി സ്ഥാപകൻ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്ന ഭരണഘടനാ ഭേദഗതിയോടെ പാർട്ടിയിലും സർക്കാരിലും എതിരാളികളില്ലാതെയാണ് ഷി ചിൻപിങ്ങിന്റെ വളർച്ച. ഷിയോട് എതിരിടാൻ ശേഷിയുള്ള നേതാക്കളെയെല്ലാം അഴിമതിക്കേസുകളിലും മറ്റുമായി ജയിലിൽ അടച്ചിരിക്കുകയാണ്. പാർട്ടിയിൽ എതിർ ശബ്ദങ്ങൾ അനുവദിക്കില്ലെന്ന് പ്രത്യക്ഷമായും പരോക്ഷമായും ഷി ചിൻപിങ്ങിന്റെ ആളുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.