ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹാർദിക് പട്ടേൽ

ബറൂച്ചിൽ വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞ നിലയിൽ. ഹാർദിക് പട്ടേൽ ട്വീറ്റു ചെയ്ത ചിത്രം.

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെ ട്രക്ക് അപടകത്തിൽപ്പെട്ടതിൽ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് പട്ടേൽ പ്രക്ഷോഭക സമിതി തലവൻ ഹാർദിക് പട്ടേൽ രംഗത്തെത്തി.

എന്നാൽ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരുന്ന വോട്ടിങ് യന്ത്രങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബിജെപി ഇടപെട്ട് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് കാണിച്ചെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെ വിവിധ പാർട്ടികൾ ഇതിനോടകം നാൽപതിലേറെ പരാതി നൽകിക്കഴിഞ്ഞു. അതിനിടെയാണ് വിവാദത്തിലേക്ക് ട്രക്കും മറിഞ്ഞുവീണിരിക്കുന്നത്.

ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം 103 വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കൺട്രോൾ യൂണിറ്റുകളുമുണ്ടായിരുന്നു. ട്രക്ക് മറിഞ്ഞ് റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു യന്ത്രങ്ങളെല്ലാം. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല.

ജംബുസറിൽ നിന്ന് ബറൂച്ച് ടൗണിലെ സൂക്ഷിപ്പു കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു യന്ത്രങ്ങള്‍. ജംബുസർ മണ്ഡലത്തിലെ വോട്ടെടുപ്പിനു വേണ്ടി കൊണ്ടുപോയ യന്ത്രങ്ങളാണിവയെന്ന് കലക്ടർ സന്ദീപ് സഗെയ്‌ൽ പറഞ്ഞു. എന്നാൽ ഇവ ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങളില്‍ അപാകത കണ്ടെത്തിയാൽ പകരം ഉപയോഗിക്കാനായിരുന്നു 103 യന്ത്രങ്ങളും. വോട്ടെടുപ്പിന്റെ ഡേറ്റയൊന്നും ഇതിലില്ലെന്നും കലക്ടർ വ്യക്തമാക്കി.

സംഭവം നടന്നയുടനെ പൊലീസും സ്ഥലത്തെത്തിയിരുന്നു. യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. വാർത്ത പടർന്നതോടെയാണ് ട്വീറ്റിലൂടെ ആരോപണമുന്നയിച്ച് ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. വോട്ടെണ്ണതിന്റെ തലേന്നും യന്ത്രങ്ങളിലെ ക്രമക്കേട് ആരോപിച്ച് അദ്ദേഹം പ്രസ്താവന പുറത്തുവിട്ടിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുളള കമ്പനിയിൽ നിന്ന് 140 സോഫ്റ്റ്‌വെയർ എൻജിനീയർമാരെ ഇതിനു വേണ്ടി നിയോഗിച്ചെന്നായിരുന്നു ആരോപണം. പട്ടേൽ, ആദിവാസി സ്വാധീന മേഖലകളിലായിരുന്നു ഇത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സൂററ്റിലെയും മെഹ്‌സാനിലെയും സ്ട്രോങ് റൂമുകൾക്കു സമീപം ‘നമോ’ എന്നു പേരുള്ള വൈഫൈ കണക്‌ഷൻ കണ്ടെത്തിയതായി കോൺഗ്രസും പരാതിപ്പെട്ടിരുന്നു. പോളിങ് ബുത്തുകൾക്കു സമീപം ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ചെന്നു കാണിച്ച് 44 പരാതികളാണ് കോൺഗ്രസ് മാത്രം നല്‍കിയതെന്നും റിപ്പോർട്ടുകളുണ്ട്.