റൊണാൾഡോയെയും മെസ്സിയെയും തകർത്ത് ഹാരി കെയ്ന്റെ ഗോൾ

ലണ്ടൻ ∙ ഒറ്റ ഹാട്രിക്കിൽ രണ്ട് ഇതിഹാസ ഫുട്ബോൾ താരങ്ങളെ പിന്തള്ളി ടോട്ടനം താരം ഹാരി കെയ്ൻ. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമാണ് ഗോൾ എണ്ണത്തിൽ ഹാരി കെയ്ൻ മറികടന്ന് പുതുചരിത്രം രചിച്ചത്. 2017 കലണ്ടർ വർഷം അവസാനിക്കുമ്പോൾ ക്ലബിനും രാജ്യത്തിനുമായി 56 ഗോളുകളെന്ന റെക്കോർഡാണ് ഹാരി കുറിച്ചത്. മെസ്സിയും റൊണാൾഡോയും 2009 മുതൽ മാറിമാറി കയ്യടക്കിയ റെക്കോർഡാണ് ഹാരി സ്വന്തമാക്കിയത്.

ലീഗ് സീസണിൽ 39 ഗോളുകൾ എന്ന നേട്ടത്തോടെ ഹാരി, പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ അലൻ ഷിയററുടെ റെക്കോർഡും മറികടന്നു. ശനിയാഴ്ച ബൺലിക്കെതിരെ ഹാട്രിക്കോടെ കെയ്ൻ ഷിയറർക്കൊപ്പവും മെസ്സിക്കു പിന്നിലും എത്തിയിരുന്നു. ഒരു ഗോളടിച്ചാൽ ഷിയററെയും രണ്ടു ഗോളടിച്ചാൽ മെസ്സിയെയും പിന്നിലാക്കാം എന്ന നിലയിലാണ് കെയ്ൻ കളിക്കാനിറങ്ങിയത്.

കെയ്നിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കിൽ സതാംപ്ടനെ 5–2നു ടോട്ടനം തകർത്തുവിട്ടു. ഒരു കലണ്ടർ വർഷം ആറ് പ്രീമിയർ ലീഗ് ഹാട്രിക്കുകൾ എന്ന റെക്കോർഡും കൂടെപ്പോന്നു. 50 മൽസരങ്ങളിൽനിന്നാണ് 24കാരനായ ഇംഗ്ലണ്ട് സ്ട്രൈക്കർ 56 ഗോളുകൾ അടിച്ചുകൂട്ടിയത്. തന്റെ റെക്കോർഡ് തകർത്ത ഹാരിയെ അലൻ ഷിയറർ അഭിനന്ദിച്ചു.