സമൂഹമാധ്യമങ്ങളിലൂടെ അപവാദം: നടി പാർവതി ഡിജിപിക്ക് പരാതി നൽകി

കൊച്ചി∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.

മമ്മൂട്ടി ചിത്രമായ ‘കസബ’യിൽ സ്ത്രീ വിരുദ്ധ നിലപാടുകളുണ്ടെന്നു വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പാര്‍വതിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. ട്രോളുകളിലൂടെയും മറ്റും വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം, ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നുവെന്നും പരാതിയില്‍ പറയുന്നു.