എൻസിപി മന്ത്രിസ്ഥാനം: അണിയറ നീക്കങ്ങൾ നടന്നിട്ടില്ലെന്ന് എംഎൽഎമാർ

തിരുവനന്തപുരം∙ തോമസ് ചാണ്ടിയുടെ രാജിയോടെ ഒഴിവുവന്ന മന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചുള്ള അണിയറ നീക്കങ്ങൾ തള്ളി എംഎൽഎമാർ. എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍.വിജയന്‍പിള്ള എന്നിവർ ചരടുവലിക്കുന്നെന്നായിരുന്നു റിപ്പോർട്ട്.

ആർ.ബാലകൃഷ്ണ പിള്ള ചെയർമാനായ കേരള കോണ്‍ഗ്രസ് ബി എൻസിപിയിൽ ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നെന്ന വാർത്ത മകനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ നിഷേധിച്ചു. മന്ത്രിയാകാന്‍ താല്‍പര്യമില്ല. എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് വ്യക്തമാക്കി. മന്ത്രിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ് വാഗ്ദാനം നൽകിയിരുന്നു. മറ്റൊരു എംഎൽഎ കോവൂർ കുഞ്ഞുമോനും ഇത്തരത്തിലൊരു നീക്കം നടക്കുന്നില്ലെന്നു പ്രതികരിച്ചു. വിജയൻ പിള്ളയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

കേരളത്തിലെ രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും ആരോപണങ്ങളെത്തുടർന്ന് രാജിവച്ചൊഴിയുകയും ചെയ്ത സാഹചര്യത്തിലാണ് എൻസിപി പുതുവഴികൾ തേടിയത്. പാർട്ടി എംഎൽഎമാരായ തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രൻ എന്നിവരുടെ മന്ത്രിസഭാ പുനഃപ്രവേശം നീണ്ടുപോകുന്നതിനാൽ ചെറിയ കക്ഷികളെയോ സ്വതന്ത്രരെയോ ലയിപ്പിച്ച് മന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കാനാണ് എൻസിപി ശ്രമിക്കുന്നത്. സിപിഎം നേതൃത്വവുമായും ഇക്കാര്യങ്ങൾ എൻസിപി സംസാരിച്ചിട്ടുണ്ട്.

ശനിയാഴ്ച കൊച്ചിയില്‍ എന്‍സിപി നേതൃയോഗം നടക്കാനിരിക്കെ വിഷയത്തില്‍ പ്രതികരിക്കാറായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ദൂതൻമാർ മുഖേനയാണ് മൂന്ന് ഇടതുസാമാജികരും എൻസിപിയെ സമീപിച്ചത്. മറുപടിയൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചർച്ചയാകാമെന്ന നിലപാടാണ് അറിയിച്ചത്. എന്നാൽ കേസുകളിൽ നിന്ന് മുക്തരായി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രനും തോമസ്ചാണ്ടിയും. പുറത്തുനിന്നൊരാൾ മന്ത്രിയാകുന്നതിൽ ഇരുവർക്കും താൽപര്യമില്ല.

ഗണേഷ് കുമാർ ഒറ്റയ്ക്കു വരുന്നതിലല്ല, ബാലകൃഷ്ണ പിള്ളയും കൂടി വരുന്നതിലാണ് എൻസിപി നേതൃത്വം താൽപര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ, ഗണേഷ് മന്ത്രിയായാല്‍ തന്റെ കാബിനറ്റ് പദവി പോകുമെന്നാണ് ബാലകൃഷ്ണപിള്ളയുടെ പേടി. ഗണേഷിനെ മന്ത്രിയാക്കാന്‍ താൽപര്യമില്ലെന്നായിരുന്നു പിള്ളയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്താന്‍ ആര്‍ക്കുമാവില്ല. അങ്ങനെ പിളര്‍ത്തുന്നവര്‍ രണ്ടാഴ്ചയ്ക്കകം എംഎല്‍എ അല്ലാതാവും. അത്തരം നീക്കമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.