Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയയിലും ഹൂസ്റ്റണിലും വെടിവയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു

Auto-Shop-Shooting-Houston ഹൂസ്റ്റണിലെ ഓട്ടോ ഷോപ്പിൽ ആക്രമണമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തുന്ന പൊലീസ്

ലൊസാഞ്ചലസ്∙ കലിഫോർണിയയിലും ഹൂസ്റ്റണിലുമുണ്ടായ വെടിവയ്പ്പിൽ അ‍ഞ്ചുപേർ കൊല്ലപ്പെട്ടു. ദക്ഷിണ കലിഫോർണിയയിൽ രണ്ടും ഹൂസ്റ്റണിൽ മൂന്നുമാണ് മരണം. ദക്ഷിണ കലിഫോർണിയയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഒരാൾക്കു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്തയാളും ഇരയുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴി‍ഞ്ഞ് 2.25ന് നിയമഓഫിസിലായിരുന്നു സംഭവം.

ബിക്സ്ബി ക്നോൾസിന്റെ സമീപപ്രദേശത്തുണ്ടായ വെടിവയ്പ്പ് ഭീകരാക്രമണമല്ലെന്നും ജോലി സ്ഥലത്തുണ്ടായ വെടിവയ്പ്പാണെന്നും ലോങ് ബീച്ച് പൊലീസ് പറഞ്ഞു. അതേസമയം, രണ്ടു നിലകെട്ടിടത്തിനുള്ളിലൂടെ ആളുകൾ ഓടുന്നത് പുറത്തുവന്ന വിഡിയോയിൽ വ്യക്തമാണ്. അക്രമി സ്വയം വെടിവച്ചു മരിച്ചതാണോ പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതാണോയെന്നു വ്യക്തമല്ല.

ഹൂസ്റ്റണിലെ ഓട്ടോ ഷോപ്പിലേക്കു കയറി അക്രമി രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് നാലു മണിയോടെയാണു സംഭവം. ആക്രമണമുണ്ടാകുമ്പോൾ കടയിലെത്തിയവരും മറ്റു ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.