Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയ ലോകത്തെ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥ

GDP Growth

സാൻഫ്രാൻസിസ്കോ∙ യുഎസിലെ സംസ്ഥാനമായിപ്പോയി, ഒരു രാജ്യമായിരുന്നെങ്കിൽ കാണിച്ചുതന്നേനെ എന്നാണു കലിഫോർണിയ പറയുന്നത്. സ്വതന്ത്ര രാജ്യമായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമായിരുന്നു കലിഫോർണിയ. മൊത്തം ദേശീയ ഉൽപാദന (ജിഡിപി) കണക്കിൽ അവർ ബ്രിട്ടന്റെ മുന്നിലെത്തി. അവർക്കു മുന്നിൽ ഇനി യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ മാത്രം. 2016–17ൽ കലിഫോർണിയയുടെ ജിഡിപി 180 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ബ്രിട്ടന്റേത് 173.7 ലക്ഷം കോടി മാത്രം. ഇക്കാലയളവിൽ, കലിഫോർണിയയുടെ ജിഡിപി വർധിച്ചപ്പോൾ ബ്രിട്ടന്റേത് അൽപം കുറഞ്ഞു. ബ്രിട്ടനു പിന്നിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജിഡിപി 137.5 ലക്ഷം കോടി രൂപയാണ്.

ലോകത്തിന്റെ ടെക്നോളജി തലസ്ഥാനമായ സിലിക്കൺ വാലി, സിനിമാ തലസ്ഥാനം ഹോളിവുഡ്, അമേരിക്കയുടെ ‘സാലഡ് പാത്രം’ എന്നറിയപ്പെടുന്ന കൃഷിയിടങ്ങൾ എന്നിവയാണു കലിഫോർണിയ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകൾ. എന്നാൽ, ജിഡിപി വർധനയുടെ പ്രധാന ചാലകശക്തികളായതു സാമ്പത്തിക– സേവന മേഖലയും റിയൽ എസ്റ്റേറ്റ് രംഗവുമാണ്. 2002ലും കലിഫോർണിയ ജിഡിപിയിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, 2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടർന്നു പിന്നിലേക്കു പോയി. 2012ൽ പത്താം സ്ഥാനത്തായിരുന്നു.

ജിഡിപി ആദ്യ 10 രാജ്യങ്ങൾ

1. യുഎസ്

2. ചൈന

3. ജപ്പാൻ

4. ജർമനി

5. ബ്രിട്ടൻ

6. ഇന്ത്യ

7. ഫ്രാൻസ്

8. ബ്രസീൽ

9. ഇറ്റലി

10. കാനഡ