ഉഭയകക്ഷി ചർച്ചയ്ക്ക് അരങ്ങൊരുക്കി കിം ജോങ് ഉൻ; ഹോട്‍ലൈൻ പുനഃസ്ഥാപിച്ചു

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ

സോൾ∙ ദക്ഷിണ കൊറിയയുമായുള്ള ഹോട്‍ലൈൻ ബന്ധം ഉത്തര കൊറിയ പുനഃസ്ഥാപിച്ചു. ഉത്തര കൊറിയയുടെ സ്വേച്ഛാധികാരി കിം ജോങ് ഉൻ പുതുവർഷ പ്രസംഗത്തിൽ ദക്ഷിണ കൊറിയയുമായി ഉന്നതതല ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചതിനോടു ദക്ഷിണ കൊറിയ അനുകൂലമായി പ്രതികരിച്ചിരുന്നു. ഒൻപതു മുതൽ ദക്ഷിണ കൊറിയയിലെ പ്യൂങ്ചാങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാനും ഉത്തര കൊറിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ടുവർഷം നിശ്ചലമായിരുന്ന അതിർത്തി ഹോട്‍ലൈൻ ബന്ധമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. 20 മിനിറ്റോളം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചു. എന്നാൽ, ഇരു കൊറിയകളുടെയും സമാധാനശ്രമങ്ങളെ യുഎസ് ഗൗരവമായി എടുത്തിട്ടില്ല. ഉത്തര കൊറിയ അണ്വായുധ പരീക്ഷണം നിർത്താതെ ചർച്ചയെക്കുറിച്ചു പറയുന്നതിൽ കാര്യമില്ലെന്ന് യുഎസ് പ്രതികരിച്ചു.

തന്റെ കയ്യിൽ ആണവ ബട്ടൺ ഉണ്ടെന്ന ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തോട് അതിലും വലിയ വമ്പു പറഞ്ഞാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. കിമ്മിന്റെ കയ്യിലുള്ളതിലും ‘വലുതും ശക്തിയേറിയതു’മായ ആണവ ബട്ടൺ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യുഎൻ ഉപരോധം പ്രശ്നമല്ലെന്നും ശക്തിയേറിയ അണ്വായുധങ്ങളുടെ പരീക്ഷണം തുടരുമെന്നും കിം അറിയിച്ചു. പരസ്പരം വെല്ലുവിളിക്കുന്നതു തുടരാതെ ശീതകാല ഒളിംപിക്സ് ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വേദിയാക്കണമെന്ന് ഉത്തര കൊറിയയുടെ സുഹൃത്തായ ചൈന അഭ്യർഥിച്ചു.

അതിർത്തി ഗ്രാമങ്ങളിൽ ഏതെങ്കിലും ചർച്ചയ്ക്കു വേദിയായേക്കുമെന്നാണ് വിവരം. ഇരുരാജ്യങ്ങളും 1950– 53ലെ കൊറിയൻ യുദ്ധത്തിനുശേഷം കടുത്ത ശത്രുതയിലാണ്. 2015ലാണ് ഏറ്റവും ഒടുവിൽ ഉന്നതതല ചർച്ച നടത്തിയത്. കിമ്മിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇൻ സമാധാനത്തിനുള്ള സുവർണാവസരമാണിതെന്നു പറഞ്ഞു.